തിരൂർ: നവജാത ശിശുക്കൾ മുതൽ പ്രായമായവർക്ക് വരെ കേൾവി സംബന്ധമായ പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്തി ചികിത്സ നൽകാൻ കഴിയുന്ന അത്യാധുനിക ഡയഗ്നോസ് സംവിധാനമായ 'ബെറ'(ബ്രെയിൻസ്റ്റം ഇവോക്ഡ് റെസ്പോൺസ്ഡ് ഓഡിയോമെട്രി) തിരൂർ ജില്ല ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കുന്നു.
അന്താരാഷ്ട്ര കേൾവി ദിനത്തോടനുബന്ധിച്ച് മാർച്ച് മൂന്നിന് വ്യാഴാഴ്ച തിരൂർ ജില്ല ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കോരങ്ങത്ത് ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തിൽ നടക്കുന്ന ബോധവത്കരണ പരിപാടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 'ജീവിതകാലം മുഴുവൻ കേൾക്കാൻ, ശ്രദ്ധയോടെ കേൾക്കാം' സന്ദേശവുമായാണ് അന്താരാഷ്ട്ര കേൾവി ദിനാചരണവും ബോധവത്കരണ പരിപാടിയും നടത്തുന്നത്.
പരിപാടിയിൽ ശ്രവണ സഹായി വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക, ഡി.പി.എം ഡോ. അനൂപ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ദേശീയ ബാധിരത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന യൂനിറ്റിലൂടെ കേൾവി നിയന്ത്രിക്കുന്ന ഞെരമ്പുകളുടെ പ്രവർത്തന ശേഷിയും കേൾവിക്കുറവിന്റെ വ്യാപ്തിയും അതി സൂക്ഷ്മമായി കണ്ടെത്താനും വിദഗ്ധ ചികിത്സ നൽകാനും കഴിയും. ജില്ലയിൽതന്നെ ആദ്യത്തെ 'ബെറ'യൂനിറ്റാണിത്. ഇ.എൻ.ടി ഡിപ്പാർട്മെന്റിന്റെ കീഴിൽ ഓഡിയോളജി യൂനിറ്റിന്റെ ഭാഗമായാണ് പ്രവർത്തിക്കുക.
പരിപാടിയോടാനുന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവത്കരണ റാലി ദേശീയ ബാധിരത നിവാരണ പരിപാടിയുടെ ജില്ല നോഡൽ ഓഫിസർ ഡോ. വി.എം. അബ്ബാസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരൂർ ആർ.ടി.ഒ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് ജില്ല ആശുപത്രിയിൽ സമാപിക്കും. റാലിയുടെ ഫ്ലാഗ് ഓഫ് തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി നിർവഹിക്കും. തിരൂർ ജോയന്റ് ആർ.ടി.ഒ അൻവർ സാദത്ത് കേൾവിദിന സന്ദേശം നിർവഹിക്കും.
ജില്ല ആശുപത്രിയിൽനിന്ന് ലഭ്യമാകുന്ന കേൾവി പരിശോധനകളായ പ്യുവർ ടോൺ ഓഡിയോമെട്രി, ഇമ്പിഡൻസ് ഓഡിയോമെട്രി, ഓട്ടോ അക്വസ്റ്റിക് എമിഷൻ, സംസാര ഭാഷാ വൈകല്യങ്ങൾക്കുള്ള സ്പീച്ച് തെറപ്പി, 18 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് എൻ.എച്ച്. എം.ആർ.ബി.എസ്.കെ വഴി സൗജന്യ കേൾവി സഹായി, അതിനോടനുബന്ധിച്ചുള്ള പ്രോഗ്രാമിങ്, ഓഡിറ്ററി വെർബൽ തെറപ്പി എന്നിവ 'ബെറ'യിലൂടെ വിപുലപ്പെടുത്തുമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ബാധിരത നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാമുഖ്യം നൽകുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, സൂപ്രണ്ട് ഡോ. ബേബിലക്ഷ്മി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.