കോഴിക്കോട്: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജില്ല ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി) ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് വീണ്ടും ചിറകുവിരിക്കുന്നു. നഗരത്തിലേയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരുടെ ഏക ആശ്രയമായ ബീച്ച് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ പ്രവൃത്തി ഉടൻ തുടങ്ങാൻ തിങ്കളാഴ്ച ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
മാസ്റ്റർപ്ലാൻ പദ്ധതിവിഹിതം 86 കോടി രൂപയിൽനിന്ന് 93 കോടിയായി ഉയർത്തണമെന്ന് ആവശ്യത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുത്ത് എത്രയും വേഗം പ്രവൃത്തി ആരംഭിക്കും. സര്‍ജിക്കല്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, അമിനെറ്റി ബ്ലോക്ക് എന്നീ മൂന്ന് മേഖലകളിലായാണ് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ടു നിലകളിലായാണ് സര്ജിക്കല്ബ്ലോക്ക് രൂപകൽപന ചെയ്തത്. 360 ഡിഗ്രി മെറ്റബോളിക് ക്ലിനിക് പ്രവർത്തനവും ഉടൻ ആരംഭിക്കും. 44 ലക്ഷം രൂപ ചെലവിൽ മെയിൻ ബ്ലോക്കിലാണ് മെറ്റബോളിക് ക്ലിനിക് സജ്ജീകരിക്കുക.
അവലോകന യോഗത്തിൽ കിഫ്ബി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ശ്രീകണ്ഠൻ നായർ, ബീച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മോഹൻദാസ്, ആർ.എം.ഒ ഡോ. ഭാഗ്യലത, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നോഡൽ ഓഫിസർ ഡോ. ശ്രീജിത്, ഇൻകെൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2019ൽ അംഗീകാരം ലഭിച്ച മാസ്റ്റർപ്ലാൻ നവീകരണ പ്രവൃത്തികൾ നീളുന്നതും ബീച്ച് ആശുപത്രിയിൽ എത്തുന്ന രോഗികൾ ഒ.പി ടിക്കറ്റിനടക്കം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നതും ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാസ്റ്റർ പ്ലാൻ അവലോകന യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.