സ്തനാർബുദത്തെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ അൽ ഐൻ മൃഗശാല പിങ്ക് റൺ സംഘടിപ്പിച്ചു. സ്തനാർബുദ ബോധവൽക്കരണം, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക, കായികം, വ്യായാമം, പതിവ് പരിശോധനകൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടാണ് അൽഐൻ മൃഗശാല കഴിഞ്ഞആഴ്ച പിങ്ക് റൺ സംഘടിപ്പിച്ചത്. 431 പേർ മൃഗശാലയുടെ പിങ്ക് റണ്ണിൽ അണിചേർന്നു. എല്ലാ പ്രായത്തിലുമുൾപ്പെട്ട മത്സരാർത്ഥികൾ അൽഐൻ മൃഗശാലയിലെ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾക്കും വൈവിധ്യമാർന്ന വന്യജീവികൾക്കും ഇടയിലൂടെ ആവേശകരവും രസകരവുമായ അന്തരീക്ഷത്തിൽ അവരുടെ ഓട്ടം ആസ്വാദകരമാക്കി.
മൃഗശാലയുടെ പ്രധാന ഗേറ്റിൽ നിന്ന് ആരംഭിച്ച പിങ്ക് റൺ മൃഗശാലയിലെ വിശാലമായ ഏരിയയിൽ പ്രദർശിപ്പിച്ച മൃഗങ്ങൾക്കിടയിലൂടെയും ഹരിത പ്രദേശങ്ങളിലൂടെ ശൈഖ് സായിദ് ഡെസേർട്ട് ലേണിങ് സെന്റർ കടന്ന് അതേ റൂട്ടിൽ ഫിനിഷ് ലൈനിലേക്ക് എത്തിച്ചേരുകയായിരുന്നു. 2.5 മുതൽ അഞ്ചു കിലോമീറ്റർ വരെയും അഞ്ചു മുതൽ 10 വരെ കിലോമീറ്റർ വരെയുള്ള വിവിധ ദൂരങ്ങളാണ് പങ്കെടുത്തവർ തണ്ടേണ്ടിയിരുന്നത്.
പാരിസ്ഥിതിക അവബോധം പ്രചരിപ്പിക്കാനും സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളവ ഉൾപ്പെടെ, മൃഗശാലയുടെ ഭാവി പരിപാടികളിൽ പങ്കെടുക്കാനുള്ള അവരുടെ താൽപ്പര്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ കൂട്ടയോട്ടം. സമൂഹത്തിലെ നാനാവിഭാഗങ്ങൾക്കിടയിൽ പൊതുവെയും സ്ത്രീകൾക്കിടയിൽ പ്രതേകിച്ചും ആരോഗ്യ-കായിക അവബോധം വളർത്തുന്നതിൽ മൃഗശാലയുടെ പങ്കിനെയും ഈ സംരംഭത്തെയും പരിപാടിയിൽ പങ്കെടുത്തവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.