രാജ്യത്ത് പ്രസവങ്ങളിൽ 53 ശതമാനവും സിസേറിയൻ; 15 ശതമാനം മാത്രമേ പാടുള്ളൂവെന്ന് ലോകാരോഗ്യസംഘടന

2022ൽ രാജ്യത്ത് നടന്ന പ്രസവങ്ങളിൽ 53 ശതമാനവും സിസേറിയൻ. എന്നാൽ, 15 ശതമാനം മാത്രമേ സിസേറിയൻ പാടുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. സിസേറിയനുകളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇവ നിയന്ത്രിക്കാൻ കണക്കെടുപ്പും ബോധവത്കരണവും നടത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022-ൽ ഇന്ത്യയിൽ 53 ശതമാനം സിസേറിയൻ നടന്നു. 2021ൽ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യസർവേയിൽ ഇത് 47.4 ശതമാനമായിരുന്നു.  കഴിഞ്ഞ വർഷം സർക്കാരാശുപത്രികളിൽ നടന്ന ആകെ പ്രസവങ്ങളിൽ 15 ശതമാനം സിസേറിയനുകളാണ്. സ്വകാര്യമേഖലയിലാകട്ടെ, 38 ശതമാനവും. സ്വകാര്യ-സർക്കാർ മേഖലകളിൽ ഏറ്റവുമധികം സിസേറിയനുകൾ നടക്കുന്നത് തെലങ്കാനയിലാണ് -54.09 ശതമാനം. കേരളം ആറാം സ്ഥാനത്താണ് -42.41 ശതമാനം. സ്വകാര്യമേഖലയിൽ ഏറ്റവുംകൂടുതൽ സിസേറിയനുകൾ നടക്കുന്നത് അന്തമാൻ നിക്കോബാർ (95.45), ത്രിപുര (93.72), പശ്ചിമബംഗാൾ (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.

ലോകത്തെ ആകെ പ്രസവങ്ങളിൽ അഞ്ചിലൊന്ന് സിസേറിയനാണ്. ഓരോ സംസ്ഥാനങ്ങളിലേയും സർക്കാർ, സ്വകാര്യാശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെ വിവരം, സിസേറിയനാണെങ്കിൽ അതിനുള്ള കാരണം, സിസേറിയനുശേഷമുള്ള നിശ്ചിതകാലയളവിൽ മാതാവിന്റെ ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തേടുന്നത്. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാൻ ആരോഗ്യപ്രവർത്തകർക്കും നിർദേശമുണ്ട്.

Tags:    
News Summary - Cesarean births on the rise: Union Health Ministry to raise awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.