ആമ്പല്ലൂര്‍: നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ മാറിനല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ച വാക്സിനെടുക്കാനെത്തിയ 80 കുട്ടികള്‍ക്കാണ് കോര്‍ബി വാക്സിനു പകരം കോവാക്സിന്‍ കുത്തിവെച്ചത്.
വാക്‌സിന്‍ മാറിയതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിഭാഗം പറയുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വാക്സിന്‍ എടുത്തതിന്റെ പേരില്‍ അസ്വസ്ഥത അനുഭവപ്പെട്ട ഒരു പെണ്‍കുട്ടി മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. 20 ഡോസ് വീതമുള്ള നാലു ബോട്ടില്‍ വാക്സിനാണ് ശനിയാഴ്ച വിതരണം ചെയ്തത്.
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.പി.എച്ച്.എന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വാക്സിന്‍ വിതരണം നടത്തിയിരുന്നത്. ഓരോ ദിവസവും നാലു ബോട്ടില്‍ വീതമുള്ള വാക്സിന്‍ വിതരണം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ജില്ല മെഡിക്കല്‍ ഓഫിസില്‍ അറിയിക്കണമെന്നാണ് ചട്ടം.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം വാക്സിനെടുക്കാനെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതും കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശിക്കുന്നതും ജെ.എച്ച്.ഐയാണ്. 80 കുട്ടികള്‍ക്കും വാക്സിന്‍ നല്‍കി കഴിയുന്നതുവരെ മരുന്ന് മാറിയ വിവരം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല.
ഉച്ചയോടെ വാക്സിന്‍ വിതരണം പൂര്‍ത്തിയായ ശേഷമാണ് സംഭവം ആരോഗ്യകേന്ദ്രം അധികൃതര്‍ അറിഞ്ഞത്. ഉടന്‍ ജില്ല ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയശേഷം തുടര്‍നടപടികളുണ്ടാവുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, വീഴ്ചവരുത്തിയവര്‍ക്കെതിരെ അടിയന്തര നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.