കളിക്കുന്നതിനിടെ ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി കാസർകോട്ടെ ഒരു വയസ്സുകാരൻ മരിച്ചത് ശനിയാഴ്ചയാണ്. മണിക്കൂറുകൾക്കിപ്പുറം ഞായറാഴ്ച ഉച്ചക്ക് മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരിയുടെ ജീവനും നഷ്ടമായി. ചെറിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോഴും മറ്റും ഏറെ ശ്രദ്ധിക്കേണ്ടതിെൻറ ആവശ്യകതയാണ് രണ്ടു സംഭവങ്ങളും വിളിച്ചോതുന്നത്. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങുമ്പോൾ, തൊണ്ട പൂർണമായും അടഞ്ഞുപോവുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ഇതുമൂലം കുറച്ചുസമയത്തേക്ക് ഓക്സിജൻ പ്രവാഹത്തിന് തടസ്സം സൃഷ്ടിക്കും. ഓക്സിജൻ കുറഞ്ഞാൽ ഹൃദയത്തിലേക്കും മസ്തിഷ്കത്തിലേക്കുമുള്ള രക്തയോട്ടം കുറക്കും. ഇത് അബോധാവസ്ഥയിലേക്കും ചിലപ്പോൾ മരണത്തിലേക്കും നയിച്ചേക്കാം. കുഞ്ഞുങ്ങളെ ഭക്ഷണം തനിയെ കഴിക്കാനനുവദിക്കരുത്. ഒറ്റക്ക് കഴിക്കുന്ന പ്രായത്തിലാണെങ്കിൽ പോലും മുതിർന്നവരുടെ ഒരു കണ്ണുണ്ടാവണം. തീരെ ചെറിയ കുട്ടികൾക്ക് മുതിർന്നവരേ ഭക്ഷണം നൽകാവൂ. കുട്ടികൾക്ക് കിട്ടുന്ന തരത്തിൽ കപ്പലണ്ടി, മിക്സ്ചർ തുടങ്ങിയ ഭക്ഷണസാധനങ്ങൾ, ചെറിയ ചെറിയ വസ്തുക്കൾ, നാണയങ്ങൾ, മുത്തുകൾ, ബലൂൺ തുടങ്ങിയവ വെക്കരുത്. ഓർക്കുക, കുഞ്ഞുങ്ങൾ ആദ്യമേ കിട്ടുന്നതെല്ലാം വായിലേക്കാണ് കൊണ്ടുപോവാറുള്ളത്.
കുട്ടികളെ കിടന്നുകൊണ്ട് കഴിക്കാനനുവദിക്കരുത്, ഇരുത്തിവേണം ഭക്ഷണം നൽകാൻ. ഭക്ഷണം നൽകുമ്പോൾ അനാവശ്യമായി സംസാരിക്കുന്നത് ഒഴിവാക്കാം, കുഞ്ഞുങ്ങൾ ഭക്ഷണം ഇറക്കുന്നതിനിടക്ക് സംസാരിച്ചാൽ തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത ഏറെ കൂടുതലാണ്. അന്നനാളത്തിലും ശ്വാസനാളത്തിലും ഭക്ഷണം കുടുങ്ങാമെങ്കിലും ശ്വാസനാളത്തിലെത്തുന്നതാണ് ഏറെ അപകടകരം.
ഭക്ഷണം നേരിട്ട് വിഴുങ്ങുന്നതിനുപകരം ചവച്ചരച്ച് കഴിക്കാൻ ശീലിപ്പിക്കുക. സാവധാനം, സമയമെടുത്തുവേണം ഭക്ഷണം കഴിക്കാൻ. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ കുഞ്ഞുങ്ങളെ കമിഴ്ത്തിക്കിടത്തി സാവധാനം പുറത്തു തട്ടുകയെന്നതാണ് പ്രാഥമിക ശുശ്രൂഷ. മലർത്തിക്കിടത്തി നെഞ്ചത്ത് അമർത്തിയാലും ഉള്ളിലുള്ളത് ചിലപ്പോൾ പുറത്തേക്കുവരും.
ഇതിനുശേഷം വായിലേക്ക് ഭക്ഷണാവശിഷ്ടം തിരിച്ചെത്തിയോ എന്ന് കൈയിട്ട് പരിശോധിച്ച് പുറത്തെടുക്കണം. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികളാണെങ്കിൽ പിറകിൽനിന്ന് മുൻവശത്തേക്ക് കൈവെച്ച് അമർത്തണം. അബോധാവസ്ഥയിലാണെങ്കിൽ ഇതെല്ലാം ചെയ്യുന്നതിനൊപ്പം ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിക്കണം.
കടപ്പാട് –ഡോ.എം.എസ്. നൗഷാദ്, ശിശുരോഗ ചികിത്സാ വിദഗ്ധൻ, എറണാകുളം ജനറൽ ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.