അടിമാലി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികളുള്ള ദേവികുളം താലൂക്കിൽ ആദിവാസികൾക്ക് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് പരാതി. താലൂക്കിലെ എല്ലാ ആശുപത്രികളും റഫറൽ കേന്ദ്രങ്ങളായി മാറിയെന്നും ആദിവാസികൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻ ദാസിനെ പനി കൂടിയതിനാൽ അടിമാലി താലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അഡ്മിറ്റ് ആക്കി. എന്നാൽ കിടക്കാൻ ബഡ് ഇല്ലെന്ന് പറഞ്ഞ് വീണ്ടും റഫർ ചെയ്തു. പിന്നീട് മെഡിക്കൽ കോളജിലേക്ക് പോകണം.
രാവിലെ വന്ന് ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടറെ കണ്ട് അഡ്മിറ്റ് ആകുമ്പോൾ തന്നെ ഉച്ച കഴിയും. പിന്നെ അഞ്ച് മണിയോടെ ബെഡ് ഇല്ലെന്ന് പറഞ്ഞ് വിദൂര സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നു. ഇതോടെ തിരിച്ച് സ്വന്തം നാട്ടിലേക്കോ ആശുപത്രിയിലേക്കോ പോകാൻ പറ്റാതെ ലോഡ്ജുകളിൽ തങ്ങേണ്ട സ്ഥിതിയാണെന്ന് മോഹൻദാസ് പറഞ്ഞു. ഇതിനെതിരെ പരാതി നൽകും. 24 ഡോക്ടർമാർ ഉള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ ഉച്ചക്ക് ശേഷം ഒ.പി. ഇല്ല. പിന്നീട് കാഷ്വാലിറ്റി ഡോക്ടർ വേണം എല്ലാവരെയും നോക്കാൻ. ആശുപത്രിയിൽ നിരവധി ഏജന്റുമാർ വരെ പ്രവർത്തിക്കുന്നു. എസ്.സി- എസ് .ടി ഫണ്ടുകൾ, വാഹനക്കൂലി തുടങ്ങി വിവിധ പേരുകളിൽ ചിലർ തട്ടിയെടുക്കുന്നതായി വ്യാപക ആക്ഷേപം ഉയർന്നു. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. ട്രൈബൽ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതികളിലും ആദിവാസികൾ സംശയം ഉന്നയിച്ച് രംഗത്ത് വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.