ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമായേക്കാമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക തന്നെ സമ്മതിച്ചതോടെ ആരംഭിച്ച ചർച്ചകൾക്കിടെ പ്രതികരണവുമായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. സുരക്ഷക്കും കാര്യക്ഷമതക്കും പ്രാധാന്യം നൽകിയാണ് തങ്ങൾ കോവാക്സിൻ വികസിപ്പിച്ചതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. കോവാക്സിന്‍റെ സുരക്ഷ ഇന്ത്യൻ ആരോഗ്യമന്ത്രാലയം വിലയിരുത്തിയതാണെന്നും ഭാരത് ബയോടെക് പറഞ്ഞു.
@bharatbiotech announcement - #COVAXIN was developed with a single-minded focus on #safety first, followed by #efficacy. #BharatBiotech #COVID19 pic.twitter.com/DgO2hfKu4y
— Bharat Biotech (@BharatBiotech) May 2, 2024
ഇന്ത്യൻ സർക്കാറിന്‍റെ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ഇന്ത്യയിൽ ഫലപ്രാപ്തി പരീക്ഷണങ്ങൾ നടത്തിയ ഏക കോവിഡ്-19 വാക്സിൻ കോവാക്സിൻ ആണെന്നും കമ്പനി പറയുന്നു. ക്ലിനിക്കൽ ട്രയൽ മോഡിൽ നിയന്ത്രിത ഉപയോഗത്തിലൂടെയാണ് ഇത് ലൈസൻസ് ചെയ്തിരിക്കുന്നത്. വിശദമായ സുരക്ഷാ റിപ്പോർട്ടിങ്ങാണ് ഇതിനായി നടത്തിയത്.
കോവിഷീൽഡ് വാക്സിന്‍റെ നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക ബ്രിട്ടനിലെ കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവന്നതോടെയാണ് കോവിഡ് വാക്സിന്‍റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് കാരണമായേക്കാമെന്നാണ് ആസ്ട്രസെനെക കോടതിയിൽ വ്യക്തമാക്കിയത്.
വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ ബ്രിട്ടനിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി നൽകിയ 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് അസ്ട്രസെനക രംഗത്തെത്തിയിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.