തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ പലയിടങ്ങളിലും ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വ്യാഴാഴ്ച വീണ്ടും അവലോകനയോഗം ചേരും. യു.എസിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. കടുത്ത പല നിയന്ത്രണങ്ങളിലേക്കും കേരളം വീണ്ടും നീങ്ങുമെന്നാണ് വിവരം.
മന്ത്രി വി. ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ തുടങ്ങി പ്രമുഖർക്കും കോവിഡ് സ്ഥിരീകരിച്ചു. ശിവൻകുട്ടിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് വ്യാപകമാണ്. കെ.എസ്.ആർ.ടി.സി, പൊലീസ്, ആരോഗ്യ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർക്കിടയിൽ രോഗവ്യാപനം അതിവേഗമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളില്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണിപ്പോൾ. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വനം, ദേവസ്വം മന്ത്രിമാരുടെയും ഓഫിസുകൾ അടച്ചു. ആരോഗ്യമന്ത്രിയുടെ ഓഫിസിലും ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. സി.പി.എം ജില്ല സമ്മേളനത്തിന്റെ പ്രധാന സംഘാടകൻ കടകംപള്ളി സുരേന്ദ്രനും കോവിഡ് ആണ്. നോര്‍ക്കയില്‍ സി.ഇ.ഒക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറി ഈമാസം 23 വരെ അടച്ചു. ഗതാഗത മേഖലയിലെ നിയന്ത്രണം തീരുമാനിക്കാൻ ബുധനാഴ്ച യോഗമുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തിൽ കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുന്നെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. പഠനം ഓൺലൈനാക്കുന്ന കാര്യം പരിശോധിക്കും. അവലോകന സമിതിയുടെ നിർദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.