മുംബൈ: മൂന്നാംതരംഗത്തിൽ കോവിഡ് ബാധിച്ച് ഭേദമായവരിൽ വിവിധ ചർമ, സന്ധി രോഗങ്ങൾ കണ്ടുവരുന്നതായി ഡോക്ടർമാർ. കോവിഡ് ബാധ മൂലം പ്രതിരോധശേഷി കുറയുന്നതാണ് ദ്വിതീയ അണുബാധകൾക്ക് കാരണമാവുന്നത്. ഹെർപസ് സോസ്റ്റർ, സന്ധിവേദന (ആർത്രാൽജിയ) എന്നിവയാണ് കൂടുതലായും കണ്ടുവരുന്നതെന്ന് മുംബൈ നഗരത്തിലെ ഡോക്ടർമാരെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. ചിക്കൻ പോക്സ് ബാധിച്ച് ഭേദമായ ചിലരിൽ ശരീരത്തിന്‍റെ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന വ്രണസമാനമായ രോഗമാണ് ഹെർപസ് സോസ്റ്റർ.
കോവിഡിന്‍റെ ഒന്നും രണ്ടും തരംഗങ്ങളിൽ മുതിർന്ന പൗരന്മാരെയാണ് ദ്വിതീയ അസുഖങ്ങൾ കൂടുതലായും ബാധിച്ചിരുന്നത്. എന്നാൽ, ഇത്തവണ 40 വയസ്സിന് താഴെയുള്ളവരെയാണ് ഇവ ബാധിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പ്രതിരോധശേഷി കുറയുന്നതിനാൽ കോവിഡിന് ശേഷം വിവിധ അണുബാധകൾ റിപ്പോർട്ട് െചയ്യപ്പെടുന്നതായി എൽ.എച്ച് ഹിരനന്ദനി ആശുപത്രിയിലെ ഡോ. നീരജ് തുലാര പറഞ്ഞു.
ഹെർപ്പസ് സോസ്റ്റർ, മോളസ്കം കോണ്ടാഗിയോസം, അരിമ്പാറ തുടങ്ങിയ നിരവധി വൈറൽ ചർമ രോഗങ്ങൾ 2021 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ രണ്ടാം തരംഗത്തിൽ ഗണ്യമായി ഉയർന്നതായി നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജി സീനിയർ കൺസൾട്ടന്‍റ് ഡോ. വന്ദന പഞ്ചാബി പറഞ്ഞു. "ഇപ്പോൾ കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ചർമ രോഗങ്ങളിൽ 20 ശതമാനവും അവയാണ്. ഈ പ്രവണതയുടെ പ്രധാന കാരണം കോവിഡ് -19 മൂലം പ്രതിരോധശേഷി കുയുന്നതും ഈ വൈറസുകളെ നേരിടാനുള്ള ശരീരത്തിന്‍റെ കഴിവില്ലായ്മയുമാണ്" -അവർ പറഞ്ഞു.
"മഹാമാരിയുടെ മുൻതരംഗങ്ങളിൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റുരോഗങ്ങൾ ബാധിച്ച് പ്രതിരോധശേഷി കുറഞ്ഞവർ എന്നീ വിഭാഗക്കാരിലായിരുന്നു വിവിധ അണുബാധകൾ സാധാരണ കണ്ടുവന്നിരുന്നത്. രണ്ടാം തരംഗത്തിനുശേഷം 40 വയസും അതിൽ താഴെയുമുള്ള രോഗികൾക്കിടയിൽ അണുബാധകൾ വർധിച്ചു" -ഡോ. വന്ദന പഞ്ചാബി കൂട്ടിച്ചേർത്തു. കോവിഡ് ഭേദമാകുന്ന ഘട്ടത്തിൽ നിരവധി രോഗികളിൽ ത്വക്ക് സംബന്ധമായ സങ്കീർണതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഷിംഗിൾസ് എന്നറിയപ്പെടുന്ന ഹെർപ്പസ് സോസ്റ്റർ രോഗം കണ്ടുവരുന്നുണ്ടെന്നും വോക്ക്ഹാർഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.പ്രീതം മൂൺ പറഞ്ഞു. നേരത്തെ ചിക്കൻ പോക്സ് വന്നവരിൽ കോവിഡ് -19 മൂലം പ്രതിരോധശേഷി കുറയുന്നതാണ് ഹെർപ്പസ് സോസ്റ്റർ ബാധിക്കാൻ ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഹെർപ്പസ് സോസ്റ്റർ സാധാരണഗതിയിൽ ഞരമ്പുകളിൽ പ്രവർത്തനരഹിതമായി കാണപ്പെടാറുണ്ട്. നല്ല പ്രതിരോധശേഷി ഉള്ളപ്പോൾ ഇത് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. എന്നാൽ, കോവിഡിന് ശേഷം പ്രതിരോധശേഷി ദുർബലമാകുമ്പോൾ ചുണ്ട്, മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഹെർപ്പസ് സോസ്റ്ററിന്‍റെ വകഭേദങ്ങളായ ഷിംഗിൾസ്, ഹെർപ്പസ് എന്നിവ പ്രത്യക്ഷപ്പെടുന്നു' -ഡോ. തുലാര പറഞ്ഞു. കോവിഡ് ഭേദമായിട്ടും ചിലരിൽ സന്ധിവേദന തുടരുന്നതും നേരത്തെ രോഗമുള്ളവർക്ക് വേദന കൂടുതൽ അനുഭവപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി മൂലമുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ശീലമാക്കണമെന്ന് അപ്പോളോ സ്പെക്ട്ര മുംബൈയിലെ ഓർത്തോപീഡിക് സർജൻ ഡോ. സഫിയുദ്ദീൻ നദ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.