ബംഗളൂരു: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ നാലാം തരംഗ ഭീഷണി മുൻനിർത്തി കർണാടകയിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാക്കി. കർണാടകയിലെ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് തിങ്കളാഴ്ച 1.38 ശതമാനമായും ബംഗളൂരുവിലേത് 1.9 ശതമാനമായും ഉയർന്ന സാഹചര്യത്തിലാണ് മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണം കൊണ്ടുവരാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചത്. തുടർന്നാണ് ഇതുസംബന്ധിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി പി. രവികുമാർ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഫെബ്രുവരി 28 മുതലാണ് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയത്.
നിലവിൽ ഡൽഹി, ഹരിയാന, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്നും കർണാടകയിലെ പ്രതിദിന കേസുകളിൽ നേരിയ വർധനവുണ്ടെന്നും ഈ സാഹചര്യത്തിലാണ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതെന്നുമാണ് ഉത്തരവിൽ പറയുന്നത്.
സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. പൊതുയിടത്തിലും ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും വാഹനങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമായിരിക്കും. പൊതുഇടത്തിൽ തുപ്പുന്നതിന് നിലവിലുള്ള നിയമപ്രകാരം പിഴയീടാക്കും. പൊതുഇടങ്ങളിൽ കുറഞ്ഞത് രണ്ട് അടിയുടെ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.