തിരക്കുപിടിച്ച ജീവിതശൈലിയുള്ളവരില് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അള്‍സര്‍. അശ്രദ്ധമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമാണ് അള്‍സര്‍ ബാധിക്കുന്നവരുടെ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. കുടലിന്റെ ഭിത്തിയും ഉള്‍വശവും തമ്മില്‍ വേര്‍തിരിക്കുന്ന മ്യൂക്കോസ എന്ന ആവരണത്തില്‍ ആസിഡ് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നതിനാല് ഉണ്ടാകുന്ന ചെറിയ വിള്ളലുകളാണ് അള്‍സര്‍. ദഹനവ്യവസ്ഥയുടെ ഏതുഭാഗത്ത് വേണമെങ്കിലും അള്‍സര്‍ ബാധിക്കാം. ആമാശയത്തില്‍ കണ്ടുവരുന്ന ആമാശയ അള്‍സര്‍ (Peptic ulcer), ചെറുകുടലിന്റെ ആരംഭഭാഗത്ത് കണ്ടുവരുന്ന അള്‍സര്‍ (Duodenal ulcer) എന്നിവയാണ് സാധാരണ കണ്ടുവരുന്നത്.
കഴിക്കുന്ന ഭക്ഷണം, വെള്ളം എന്നിവയിലൂടെയെത്തുന്ന അണുബാധ (ഹെലിക്കോ ബാക്ടര്‍ പൈലോറി) അള്‍സര്‍ രൂപപ്പെടാനുള്ള ഒരു കാരണമാണ്. എന്നാല്‍ ഇത് എല്ലാവരിലും അള്‍സറിന് കാരണമാകണമെന്നില്ല. തെറ്റായ ഭക്ഷണരീതിയാണ് കൂടുതല്‍ പേരിലും അള്‍സറിന് കാരണമാകുന്നത്. സമയക്രമം പാലിക്കാതെ ഭക്ഷണം കഴിക്കുന്നത് കാരണമാണ്. അമിതമായ എരിവ്, മസാല എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവരിലും അള്‍സര്‍ ബാധയുണ്ടാകാം. അസിഡിക് സ്വഭാവമുള്ള ആഹാര സാധനങ്ങളുടെ അമിത ഉപയോഗം ഇതിന് വഴിയൊരുക്കും. ചിലരില്‍ ഏതെങ്കിലും ചികിത്സയുടെ ഭാഗമായുള്ള മരുന്നുകള്‍ കഴിക്കുന്നത് അള്‍സറിന് കാരണമാകാറുണ്ട്.
സന്ധിവേദന, ഹൃദ്രോഗം, സ്ട്രോക് തുടങ്ങിയ രോഗാവസ്ഥകള്‍ അനുഭവിക്കുന്നവര്‍ കഴിക്കുന്ന മരുന്നുകള്‍, മറ്റു വേദനസംഹാരികള്‍ എന്നിവയുടെ ദീര്‍ഘനാളത്തെ ഉപയോഗവും ഈ അവസ്ഥക്ക് വഴിയൊരുക്കും. മദ്യപാനം, പുകവലി തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപഭോഗവും മറ്റൊരു കാരണമാണ്. കൂടാതെ, മാനസിക സമ്മർദം അനുഭവിക്കുന്നതും അള്‍സറിന് കാരണമാകാറുണ്ട്.
വയറിന്റെ മുകള്‍ഭാഗത്തോ നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്ന വേദനയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. ആമാശയ അള്‍സര്‍ ആണെങ്കില്‍ ഭക്ഷണം കഴിച്ചയുടനെയാണ് വേദന അനുഭവപ്പെടാറുള്ളത്. എന്നാല്‍, ഭക്ഷണം കഴിക്കാന്‍ വൈകുന്ന സമയത്ത് അനുഭവപ്പെടുന്ന വേദന ചെറുകുടലിന്റെ ഭാഗത്ത് അള്‍സര്‍ ബാധിച്ചതിന്റെ ലക്ഷണമാണ്. തുടര്‍ച്ചയായ ഏമ്പക്കം, വയര്‍സ്തംഭനം, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, വയര്‍ വീര്‍ത്തുവരിക, ഭക്ഷണം കഴിച്ചയുടന്‍ മലവിസര്‍ജനം നടത്തേണ്ടിവരുക തുടങ്ങിയവയെല്ലാം അള്‍സറിന്റെ ലക്ഷണമായി കണക്കാക്കാം.
ചുരുക്കം ചിലരില്‍ അള്‍സര്‍ ഗുരുതരമാകുകയും കൃത്യമായ ചികിത്സ സ്വീകരിക്കാതിരിക്കുന്നത് ഈ ഭാഗത്ത് ട്യൂമര്‍ അല്ലെങ്കില്‍ കാന്‍സര്‍ സാധ്യതയിലേക്ക് വഴിമാറുകയും ചെയ്യും. എന്നാല്‍ അള്‍സര്‍ ബാധിക്കുന്നവരില്‍ ഒരു ചെറിയ ശതമാനം ആളുകളില്‍ മാത്രമേ കാന്‍സര്‍ കണ്ടുവരാറുള്ളൂ.
അള്‍സര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസം തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നതോടെ വ്യത്യാസം കണ്ടുവരും. എന്നാല്‍ ഗുരുതരാവസ്ഥയിലേക്ക് കടന്നവരില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെവരുകയോ മരുന്നുകള്‍ കഴിക്കുന്നത് അവസാനിപ്പിക്കുന്ന സമയത്ത് വീണ്ടും വലിയ പ്രയാസങ്ങള്‍ അനുഭവപ്പെടുകയോ ചെയ്യുന്നത് രോഗാവസ്ഥ ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്. നടക്കുമ്പോഴോ ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ അമിത ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.
ഭക്ഷണത്തോട് മുമ്പുള്ള താൽപര്യം അനുഭവപ്പെടാതിരിക്കുക, വിശപ്പില്ലായ്മ, അല്പം ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുക തുടങ്ങിയവയും ലക്ഷണങ്ങളാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് അന്നനാളത്തില്‍ തടസ്സം അനുഭവപ്പെടുക, ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദിക്കുക തുടങ്ങിയവയും അള്‍സര്‍ അപകടാവസ്ഥയിലേക്ക് നീങ്ങി എന്നതിന്റെ ലക്ഷണമാണ്. മലവിസര്‍ജനം നടത്തുമ്പോള്‍ രക്തം പുറത്തുവരുകയോ കറുത്ത നിറം കാണപ്പെടുകയോ ചെയ്താല്‍ അള്‍സര്‍ ഗുരുതരമായതിന്റെയോ കാന്‍സര്‍ രൂപപ്പെട്ടതിന്റെയോ സൂചനയാണ്. കൂടാതെ, കുറഞ്ഞ കാലയളവിനുള്ളില്‍ അകാരണമായി വലിയ അളവില്‍ ഭാരം കുറയുകയാണെങ്കിലും ശ്രദ്ധിക്കണം.
കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ആമാശയ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവയുണ്ടെങ്കില്‍ തീര്‍ച്ചയായും രോഗസാധ്യത മുന്‍നിര്‍ത്തി നേരത്തേതന്നെ പരിശോധനകള്‍ നടത്തേണ്ടതും ചികിത്സ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്. ആമാശയം, അന്നനാളം എന്നിവയുമായി നേരിട്ട് ബന്ധമില്ലാത്തതും എന്നാല്‍ ദഹന വ്യവസ്ഥയില്‍ പിന്തുണക്കുന്നതുമായ അവയവങ്ങളായ കരള്‍, പാന്‍ക്രിയാസ് പോലുള്ളവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. അള്‍സര്‍ ലക്ഷണങ്ങള്‍ കണ്ടു വരുന്നവരില്‍ എന്‍ഡോസ്കോപ്പി പരിശോധന നടത്തിയശേഷം ചികിത്സ ആരംഭിക്കുന്നതോടെ നല്ല മാറ്റം കണ്ടുവരാറുണ്ട്. ഗുരുതര ലക്ഷണങ്ങള്‍ കാണുന്നവരില്‍ ബയോപ്സി പരിശോധന നടത്തി കാന്‍സര്‍ സാന്നിധ്യവും പരിശോധിക്കണം.
ഭക്ഷണരീതിയില്‍ ആരോഗ്യകരമായ മാറ്റം വരുത്തിക്കൊണ്ട് അള്‍സര്‍ പ്രതിരോധിക്കാന്‍ സാധിക്കും. ഭക്ഷണം കഴിക്കുന്ന സമയം, ഉള്‍പ്പെടുത്തുന്ന ആഹാരസാധനങ്ങള്‍ എന്നിവ അനുയോജ്യമായ രീതിയില്‍ മാറ്റണം. രാവിലെ എട്ടു മണിക്ക് പ്രാതൽ കഴിക്കുന്നതാണ് നല്ലത്. ഇത് കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയതായാല് നല്ലത്. രാത്രി വളരെ കുറച്ച് ഭക്ഷണം മാത്രമാക്കി ചുരുക്കണം. രാത്രി ഭക്ഷണം എട്ടിന് മുമ്പുതന്നെ കഴിക്കാനും ശ്രമിക്കാം. എരിവ്, മസാല, എണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗവും ജങ്ക് ഫുഡ് ഇനങ്ങളും ഒഴിവാക്കുന്നത് നല്ല മാറ്റം കൊണ്ടുവരും.
ഇതോടൊപ്പം മാനസിക സമ്മർദം കുറക്കാനും ശ്രദ്ധിക്കണം. മാനസിക സമ്മർദം ശരീരത്തില്‍ ആസിഡ് ഉൽപാദനം വര്‍ധിപ്പിക്കുന്നതിനാല്‍ അസിഡിറ്റി കൂടുകയും ക്രമേണ അള്‍സറിന്റെ ഗുരുതരാവസ്ഥകളിലേക്ക് വഴിമാറുകയും ചെയ്യാം. ഇതോടൊപ്പം ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്. കൂടാതെ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.