ജനീവ: ഭാരത് ബയോടെകിന്‍റെ കോവാക്സിൻ കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിൽ അംഗീകാരം നൽകുന്നതിൽ ഒക്ടോബറിൽ തീരുമാനമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന. അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. വാക്സിൻ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ പരിശോധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട എല്ലാ ഡേറ്റയും നല്‍കിയെന്ന് ഭാരത് ബയോടെക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനിടയിൽ സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങള്‍ തേടിയിരുന്നു. അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുന്ന വേളയിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്‍റെ അഭാവം കോവാക്സിൻ എടുത്തവരെ 'അൺ വാക്സിനേറ്റഡ്' ഗണത്തിൽ പെടുത്തുന്നു. ഇതാണ് വിദേശയാത്ര ബുദ്ധിമുട്ടിലാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാൽ കോവാക്സിൻ സ്വീകരിച്ചവർക്ക് രാജ്യാന്തര യാത്രകൾക്കുള്ള തടസം നീങ്ങും.
ഫൈസർ-ബയോൺടെക്, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സിനോഫാം, ഓക്സ്ഫെഡ്-ആസ്ട്രസെനിക്ക തുടങ്ങിയ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. വാക്സിൻ യജ്ഞത്തിന്‍റെ ഭാഗമായി ജനുവരി മുതൽ കോവിഷീൽഡിനൊപ്പം കോവാക്സിനും രാജ്യത്ത് നൽകി വരുന്നുണ്ട്.
ഇന്ത്യയെ കൂടാതെ നിലവിൽ എട്ട് രാജ്യങ്ങൾ കോവാക്സിന് അനുമതി നൽകിയത്. ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, പാരഗ്വായ്, ഫിലിൈപൻസ്, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് കോവാക്സിൻ അംഗീകരിച്ച മറ്റ് രാജ്യങ്ങൾ.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യു.കെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി എന്നിവയെ കൂടാതെ കാനഡയിലെയും ആസ്ട്രേലിയയിലെയും അധികൃതർ കോവാക്സിന് അനുമതി നൽകാത്തത് നിരവധി വിദ്യാർഥികളെയും മറ്റും കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ബിസിനസ് ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ഈ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നവർ ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിക്കുകയും കോവിഡ് പരിശോധനക്ക് വിധേയമാകുകയും വേണം. ഇവിടങ്ങളിലെല്ലാം അംഗീകാരം ലഭിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.