വാക്സിൻ പ്രതിരോധത്തെ മറികടക്കാൻ ഡെൽറ്റ വൈറസിന് എട്ട് മടങ്ങ് ശേഷി കൂടുതലെന്ന് പഠനം

കോവിഡിനെതിരായ വാക്സിനെടുക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാൻ കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതലാണെന്ന് പഠനം. വാക്സിനിലൂടെയുള്ള പ്രതിരോധ ശേഷിയെ മാത്രമല്ല, ഒരു തവണ കോവിഡ് ബാധിച്ചതിലൂടെ ലഭിക്കുന്ന ആർജിത പ്രതിരോധ ശേഷിയെയും ഡെൽറ്റ വൈറസ് മറികടക്കുമെന്നാണ് പഠനം. ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'നേച്ചറി'ലാണ് പ്രസിദ്ധീകരിച്ചത്.

ഡെൽറ്റ വകഭേദത്തിന് ശരീരത്തിൽ കൂടുതൽ വൈറസ് പകർപ്പുകളെ സൃഷ്ടിക്കാനുള്ള ശേഷിയും കൂടുതലാണ്. ഈ രണ്ട് പ്രത്യേകതകളുമാണ് ഡെൽറ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയുൾപ്പെടെ 90ലേറെ രാജ്യങ്ങളിൽ പ്രധാനമായും വ്യാപനത്തിലുള്ളത് കൊറോണ ഡെൽറ്റ വകഭേദമാണ്.

ഡൽഹിയിലെ ആശുപത്രികളിലെ 9000ത്തോളം ആരോഗ്യ ജീവനക്കാരിൽ ബ്രേക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതും ഇവർ പഠനവിധേയമാക്കി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ശേഷമുണ്ടാകുന്ന കൊറോണ ബാധയെയാണ് ബ്രേക് ത്രൂ ഇൻഫെക്ഷൻ എന്ന് വിശേഷിപ്പിക്കുന്നത്. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച 218 ആരോഗ്യപ്രവർത്തകർക്ക് രോഗലക്ഷണങ്ങളോടെ ബ്രേക് ത്രൂ ഇൻഫെക്ഷൻ സംഭവിച്ചതായാണ് കണ്ടെത്തിയത്. 

Tags:    
News Summary - Delta variant 8 times more likely to escape immunity gained through vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.