മലപ്പുറം: ജില്ലയിലെ നഗരസഭകളിലെ 41 വാർഡുകളിൽ ഡെങ്കികൊതുകിന്റെ സാന്ദ്രത കൂടുതലാണെന്ന് ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന്റെ കണ്ടെത്തൽ. താനൂർ, തിരൂർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ പ്രദേശങ്ങളിലും വണ്ടൂർ, മേലാറ്റൂർ ആരോഗ്യ ബ്ലോക്കുകളിലും ഡെങ്കി രോഗബാധ വർധിച്ചിട്ടുണ്ട്. എന്നാൽ, പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആക്ഷേപമുണ്ട്. തദ്ദേശഭരണ സമിതികൾ കാര്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഉറവിട നശീകരണം വഴി കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ ഓഫിസ് സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്നാണ് നിർദേശം. എന്നാൽ, ഇത് പലയിടങ്ങളിലും പാലിക്കുന്നില്ല.
മഴക്കാലപൂർവ ശുചീകരണം യഥാവിധി പൂർത്തീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ 130 പേരെ ഡെങ്കി രോഗലക്ഷണങ്ങളോടെ സർക്കാർ ആശുപത്രിയിൽ മാത്രം പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെട്ടം, പുറത്തൂർ, തലക്കാട്, താനൂർ, ചെറിയമുണ്ടം, തൃപ്പങ്ങോട്, കാവന്നൂർ, മങ്കട, വേങ്ങര, നിലമ്പൂർ, മൂത്തേടം, ഊർങ്ങാട്ടിരി, മഞ്ചേരി, എടവണ്ണ, പുളിക്കൽ, പോരൂർ, ഓമാനൂർ, തുവ്വൂർ, കാളികാവ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിൽ ഡെങ്കി കേസുകൾ കുറയുമ്പോൾ പരിസര ശുചീകരണത്തിലടക്കം ജില്ല പുലർത്തുന്ന അലംഭാവം കൂടിയാണ് രോഗവ്യാപനത്തിന് കാരണം. തദ്ദേശ ഭരണകൂടങ്ങളുടെ സഹായത്തോടെ മാത്രമേ ആരോഗ്യവകുപ്പിനും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാനാവൂ.
കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേരെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോരൂർ, മക്കരപ്പറമ്പ്, ഇരിങ്ങല്ലൂർ, മുതുവല്ലൂർ, കൽപകഞ്ചേരി, ആനക്കയം, പാങ്ങ്, ഊർങ്ങാട്ടിരി എന്നിവിടങ്ങളിലാണ് രോഗബാധിതരുള്ളത്. എലിപ്പനി വ്യാപനത്തിനെതിരെ ആരോഗ്യ വകുപ്പ് പ്രതിരോധം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.