തിരുവനന്തപുരം: കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് കേരളത്തിലെന്ന് കേന്ദ്ര റിപ്പോർട്ട്. 2023ൽ കേരളത്തിൽ 9,770 ഡെങ്കി കേസുകളും 37 മരണങ്ങളുമുണ്ടായെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2018ൽ 4083 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്താണ് അഞ്ചുവർഷംകൊണ്ട് ഇരട്ടിയിലേറെ വർധന. 2022ൽ 4432 കേസുകൾ മാത്രമാണുണ്ടായിരുന്നത്.
മരണസംഖ്യയിലും അഞ്ചുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് 2023ലേത്. 2018ൽ 32 ഡെങ്കി മരണമാണ് സംസ്ഥാനത്തുണ്ടായത്. 2019ൽ 16ഉം 2020ൽ അഞ്ചും ആയി കുറഞ്ഞതാണ് 2021ൽ 27ഉം 2022ൽ 29ഉം കഴിഞ്ഞ വർഷം 37ഉം ആയി വർധിച്ചത്. 2022ൽ ഡെങ്കിമരണ പട്ടികയിൽ കേരളം അഞ്ചാമതായിരുന്നു.
മരണങ്ങളുടെ എണ്ണത്തിൽ രണ്ടാമത് ഉത്തരാഖണ്ഡാണ് -14 പേർ. മൂന്നാമതുള്ള ബിഹാറിൽ ഏഴ്. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളും ഉയർന്ന കേസുകളുടെ കാര്യത്തിൽ ആദ്യ 10 സംസ്ഥാനങ്ങളിലില്ല. ഉത്തരാഖണ്ഡിൽ 1588ഉം ബിഹാറിൽ 2515ഉം പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ശുചീകരണത്തിലെയും ഉറവിട നിവാരണത്തിലെയുമടക്കം അപര്യാപ്തതയാണ് ഡെങ്കി കേസുകളുടെ പ്രധാന കാരണമായി റിപ്പോർട്ട് അടിവരയിടുന്നത്.
ചികുൻഗുനിയ കേസുകളിൽ ഒമ്പതാം സ്ഥാനത്താണ് കേരളം. എന്നാൽ 2017 മുതലുള്ള കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ക്രമാനുഗതമായി കേസുകൾ വർധിക്കുന്നെന്ന് വ്യക്തം. 2017ൽ 78 കേസുകളായിരുന്നെങ്കിൽ 2023ൽ ഇത് 1131 ആണ്. ടൈഫോയ്ഡ് കേസുകളിൽ വലിയ കുറവ് കാണുന്നെന്നത് ആശ്വാസത്തിന് വക നൽകുന്നു.
ടൈഫോയ്ഡ് അടക്കം ആറ് രോഗങ്ങളിൽ 2021 വരെയുള്ള ഡാറ്റയാണ് സമാഹരിച്ചിട്ടുള്ളത്. ഇതുപ്രകാരം 2020ലെ 18,440ൽനിന്ന് 2021ൽ 30 ആയി കുറഞ്ഞു. രാജ്യത്തെ ഏറ്റവും കുറഞ്ഞ കേസ് നിലയാണിത്. രണ്ടാമതുള്ളത് 22 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ലക്ഷദ്വീപിലും. |
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.