തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ പരിധിവിട്ട് കൂടുന്നെന്ന് കണക്കുകൾ. സർക്കാർ ആശുപത്രികളിൽ ഇക്കൊല്ലം നവംബർ എട്ടുവരെ 3652 പേരിൽ രോഗം സ്ഥിരീകരിച്ചു. 2020ൽ 2722ഉം 2021ൽ 3251ഉം കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഡെങ്കിപ്പനിമൂലം ഈവർഷം 22 മരണം റിപ്പോർട്ട് ചെയ്തു.
ഇതനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. നവംബർ ആദ്യവാരം മാത്രം 131 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു. കേസുകൾ ഉയരുമ്പോഴും നിർദേശങ്ങളും അവലോകനങ്ങളുമല്ലാതെ താഴേത്തട്ടിൽ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ല.
എറണാകുളം, തിരുവനന്തപുരം ജില്ലയിലാണ് കേസുകൾ കൂടുതൽ. ഇവിടങ്ങളെ പ്രത്യേക പരിഗണനയോടെ ശ്രദ്ധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നവംബർ ആദ്യത്തെ കണക്കുപ്രകാരം കൊല്ലത്തും നേരിയ വർധനയുണ്ട്. തിരുവനന്തപുരത്ത് രോഗവ്യാപനം കൂടുതലുള്ള ഹോട്സ്പോട്ടുകൾ മാറ്റമില്ലാതെ തുടരുകയാണ്.
സംസ്ഥാനത്തെ മൊത്തം കേസുകളിൽ 60 ശതമാനവും തലസ്ഥാന ജില്ലയിലാണ്. സിറ്റിയിലും നഗരപ്രാന്തങ്ങളിലുമാണ് കേസെണ്ണം കൂടുതൽ. ഡെങ്കി വ്യാപന പശ്ചാത്തലത്തിൽ മന്ത്രി വീണ ജോർജ് അവലോകന യോഗം വിളിച്ചിരുന്നു. തദ്ദേശ വകുപ്പുമായി ചേർന്ന് പ്രതിരോധ പ്രർത്തനങ്ങൾ ഊർജിതമാക്കാനാണ് നിർദേശം. ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കൊതുക് നിയന്ത്രണത്തിന് സന്നദ്ധ സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണം ഉറപ്പാക്കാനും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.