കൊച്ചി: ജില്ലയിൽ ആശങ്കയുണർത്തി ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. നാല് മാസത്തിനുള്ളിൽ 210 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് മരിച്ചത്.
526 പേർക്ക് ഡെങ്കി ബാധിച്ചതായും ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. തൃക്കാക്കര, കൊച്ചി നഗരസഭ പ്രദേശങ്ങളായ ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും കുന്നത്തുനാട് പഞ്ചായത്തിലുമാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് രോഗനിയന്ത്രണ പ്രവർത്തനം ശക്തമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു.
രോഗലക്ഷണങ്ങൾ
പനിയോടൊപ്പം തലവേദന, കണ്ണിനു പിറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുക, തളർച്ച, രക്തസമ്മർദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. ഡെങ്കിപ്പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂർണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലക്കുള്ളിൽ ആയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മണിപ്ലാന്റും മറ്റ് അലങ്കാരച്ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്. വളർത്തുകയാണെങ്കിൽ തന്നെ അവ മണ്ണിട്ട് വളർത്തേണ്ടതും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയുകയും വേണം.
കൊതുകു കടിയേൽക്കാതിരിക്കാൻ പ്രത്യേകശ്രദ്ധ വേണം. പകൽ സമയങ്ങളിലാണ് ഈഡിസ് കൊതുകുകൾ കടിക്കുന്നത്. കൊതുകുകടി ഏൽക്കാതിരിക്കാൻ ലേപനങ്ങൾ, റിപ്പലെന്റ്സ്, കൊതുകുവല, പുറമെയുള്ള ജോലി ചെയ്യുന്നവർ ശരീരം മുഴുവൻ മൂടുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിക്കുകയും വേണം.
ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെയും ഒരു വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാൽ, ചിലപ്പോൾ രോഗം സങ്കീർണമായി രോഗിയുടെ ജീവനുതന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവർ, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതര അവസ്ഥ ഉണ്ടാകാം.
ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാൽ കൂടുതൽ ഗുരുതരമാകാം. ആദ്യം രോഗം വന്നുപോയത് ചിലപ്പോൾ അറിയണമെന്നില്ല. അതിനാൽ ഡെങ്കിപ്പനി ഉണ്ടായാൽ രണ്ടാമത് രോഗം വരുന്നതെന്ന രീതിയിൽ തന്നെ അതീവ ശ്രദ്ധ പുലർത്തണം. പനി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടുന്നതിലൂടെ രോഗം ഗുരുതരമാകുന്നത് തടയാം.
നശിപ്പിക്കണം കൊതുകിനെ
ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകൾ വീട്ടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്.
വെള്ളം സംഭരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വെച്ചിരിക്കുന്ന ട്രേ, ഉപയോഗശൂന്യമായ ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളീൻ, റബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, പൈനാപ്പിൾ ചെടിയുടെ ഇലകൾക്കിടയിലും കൊക്കോ തോടുകൾ, കമുങ്ങിൻ പാളകൾ, നിർമാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്, സൺഷേഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. വീടുകളിലും മറ്റും മണിപ്ലാന്റും, മറ്റ് അലങ്കാരച്ചെടികളും വളർത്താൻ തുടങ്ങിയതോടു കൂടി വീടിനുള്ളിലും കൊതുക് മുട്ടയിട്ടു പെരുകാനുള്ള സാഹചര്യങ്ങൾ കൂടിയതും ഡെങ്കിപ്പനിക്ക് ഒരു പ്രധാന കാരണമായിട്ടുണ്ട്. ഇടവിട്ടുള്ള വേനൽമഴ കൊതുക് പെരുകാനുള്ള സാഹചര്യമൊരുക്കുമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണം.
കൊതുകിനെ 'വളർത്തിയാൽ' ശിക്ഷ
കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടും ഡെങ്കിപ്പനി പടരുന്നത് വ്യാപകമായതിനാൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ബോധവത്കരണം നടത്തിയിട്ടും ഇപ്പോഴും വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് വളരുന്ന സാഹചര്യങ്ങൾ കൂടുതലായി കാണുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളുടെ പരിസരത്തും കൊതുകുവളരുന്ന സാഹചര്യം കണ്ടെത്തിയാൽ പിഴ ഈടാക്കും. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിത മേഖലകളിൽ മണിപ്ലാന്റ് പോലെ വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടികൾ വളർത്തുന്നയിടങ്ങളിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.