തൊടുപുഴ: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ എലിപ്പനിയും ഡെങ്കിപ്പനിയും വളരെ സൂക്ഷിക്കണം. ഈ മാസം ഇതുവരെ ഒമ്പതു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ, കാന്തല്ലൂർ പഞ്ചായത്തിലെ കാന്തല്ലൂർ, കട്ടപ്പന നഗരസഭയിലെ തൂങ്കുഴി , തൊടുപുഴ നഗരസഭയിലെ കുമ്മങ്കല്ല്, ചക്കുപള്ളം പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകൾ എന്നിവിടങ്ങളാണ് കഴിഞ്ഞയാഴ്ച കണ്ടെത്തിയ പ്രധാന ഹോട്ട്സ്പോട്ടുകൾ.
ഈ സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുൻഗുനിയ എന്നിവക്ക് സാധ്യത കൂടുതലാണ്. അതിനാൽ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് ജനങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വൈറൽ പനിയും ജില്ലയിൽ വിടാതെ തുടരുന്നുണ്ട്. വൈറൽ പനിയെ തുടർന്ന് ഈ മാസം 5600 പേരാണ് ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയവരുടെ എണ്ണമാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റും എത്തുന്നവരുടെ എണ്ണം പരിശോധിച്ചാൽ ഇതിന്റെ ഇരട്ടി വരും. വീടിനകത്തും പുറത്തും പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന പ്രധാന നിർദേശം.
കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിങ് ചിരട്ടകൾ, കൊക്കോ തോടുകൾ, കവുങ്ങിന്റെ പോളകൾ, വീടിന്റെ സൺ ഷെയ്ഡ്, വെള്ളം നിറച്ച അലങ്കാര കുപ്പികൾ, ഉപയോഗശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു സ്പൂണിൽ താഴെ വെള്ളം ഒരാഴ്ച തുടർച്ചയായി കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകും.
അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ശ്രദ്ധ നൽകണം. മുട്ടയിൽനിന്ന് കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കും. അതിനാൽ ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ്, ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. ജോബിൻ ജോസഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.