പ്രമേഹം ശരീരത്തിലെ ഓരോ കോശത്തെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ പല അവയവങ്ങളുടെയും ആരോഗ്യത്തെ ക്രമേണ ഇല്ലാതാക്കാന്‍ ഇതു കാരണമാകാറുണ്ട്. ഇത്തരത്തില്‍ പ്രമേഹം കണ്ണുകളെ ബാധിക്കുകയും കാഴ്ചശക്തി കുറയുന്നതുമായ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഏറെ നാളായുള്ള പ്രമേഹംമൂലം കണ്ണുകളിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുന്നതാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്.
രക്തക്കുഴലുകളിലെ ബ്ലോക്ക് മൂലം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയുകയും ഈ ഭാഗത്തേക്കുള്ള ഓക്സിജന്‍ ലഭ്യതയില്‍ കുറവ് സംഭവിക്കുകയും ചെയ്യും. നേത്രങ്ങളിലെ പ്രധാന കോശങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാതിരിക്കുന്നതിനാല്‍ പ്രവര്‍ത്തനക്ഷമത കുറക്കുകയും കാഴ്ചശക്തിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പ്രമേഹം ബാധിക്കുന്നതോടെ റെറ്റിനയിലേക്കുള്ള രക്തക്കുഴലുകള്‍ നേര്‍ത്ത് പൊട്ടല്‍ സംഭവിക്കുന്നതിനാല്‍ കണ്ണിലൂടെ രക്തം പുറത്തു വരുന്ന സാഹചര്യവും ഉണ്ടാകും.
ദീര്‍ഘനാളായി പ്രമേഹം ബാധിച്ചവരിലാണ് അവസ്ഥ കണ്ടുവരുന്നത്. തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തിനു മുകളില്‍ പ്രമേഹം അനുഭവിക്കുന്നവരില്‍ രോഗസാധ്യത കൂടുതലാണ്. പത്തു വര്‍ഷത്തിലധികമായി പ്രമേഹം അനുഭവിക്കുന്ന 20 ശതമാനം രോഗികളിലും രോഗസാധ്യത ഏറെയാണ്. പ്രാരംഭഘട്ടത്തില്‍ ലക്ഷണങ്ങള്‍ വലിയതോതില്‍ പ്രകടമാകാറില്ലെങ്കിലും കൂടുതല്‍ ഗുരുതരമാകുന്നതോടെ കാഴ്ചശക്തി ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. രോഗാവസ്ഥ അനിയന്ത്രിതമായ ചിലരില്‍ രക്തക്കുഴല്‍ കണ്ണിന്റെ ഉപരിതലത്തിലേക്ക് തള്ളിവരുകയും കാഴ്ച കുറക്കുന്നതോടൊപ്പം കണ്ണിന് അസഹനീയമായ വേദന രൂപപ്പെടുന്നതിനും വഴിവെക്കും.
കൃത്യമായ പ്രമേഹ നിയന്ത്രണമില്ലാത്ത അവസ്ഥ, മറ്റു ജീവിതശൈലീ രോഗങ്ങളുടെ സാന്നിധ്യം എന്നിവ ഡയബറ്റിക് റെറ്റിനോപ്പതി ഏതു ഘട്ടത്തില്‍ ബാധിക്കുന്നുവെന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രക്തസമ്മർദം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, കരള്‍രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കുന്നതിനുള്ള വേഗം കൂട്ടും. ഗര്‍ഭകാലത്ത് പ്രമേഹം പരിധി കടന്നവരിലും ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കുന്നതിന് സാധ്യതയുണ്ട്.
ദീര്‍ഘനാളായി പ്രമേഹമുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാഴ്ച പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കൃഷ്ണമണിയില്‍ മരുന്നുകള്‍ ഒഴിച്ച് റെറ്റിന പരിശോധിക്കുന്നതിലൂടെ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാകും. എന്നാല്‍, ഇതിന്റെ തീവ്രത, സ്വഭാവം എന്നിവ കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ഫ്ലൂറസെന്‍ ആന്‍ജിയോഗ്രഫി, ഒ.സി.ടി തുടങ്ങിയ പരിശോധനകളിലൂടെ ഡയബറ്റിക് റെറ്റിനോപ്പതി കൃത്യമായി തിരിച്ചറിയാന്‍ സാധിക്കും.
കൃത്യസമയത്ത് രോഗം കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ ഡയബറ്റിക് റെറ്റിനോപ്പതി മൂലം പൂര്‍ണമായും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സാധിക്കും. ഇതോടൊപ്പം പ്രമേഹം നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. വളരെ വൈകി ചികിത്സ തേടുകയും പ്രമേഹം നിയന്ത്രിക്കാതിരിക്കുകയും ചെയ്താല്‍ മികച്ച ചികിത്സാരീതികൊണ്ടുപോലും പ്രതീക്ഷിച്ച ഗുണം ലഭിക്കാന്‍ സാധ്യതയില്ല. നിശ്ചിത ഇടവേളകളില്‍ കണ്ണില്‍ ഇന്ജക്ഷന്, ലേസര്‍ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയവയാണ് ഡയബറ്റിക് റെറ്റിനോപ്പതി മാറ്റിയെടുക്കുന്നതിനുള്ള വിവിധ ചികിത്സാരീതികള്‍.
ഭക്ഷണരീതിയില്‍ ആരോഗ്യകരമായ മാറ്റംവരുത്തിക്കൊണ്ട് ശരീരത്തിലെ പ്രമേഹനില നിയന്ത്രിച്ചുനിര്‍ത്തുന്നത് ഗുണംചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി മാത്രമല്ല, പ്രമേഹംമൂലം ശരീരത്തെ ബാധിക്കുന്ന മറ്റു രോഗാവസ്ഥകളെയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.
ചിലരില്‍ ഡയബറ്റിക് റെറ്റിനോപ്പതിക്ക് പുറമേ തിമിരവും കണ്ണുകളെ ബാധിച്ചേക്കാം. ഇതു കൂടുതല്‍ ഗുരുതരമായ അവസ്ഥ സൃഷ്ടിക്കാം. ഡയബറ്റിക് റെറ്റിനോപ്പതിക്ക് ആവശ്യമായ ചികിത്സ നല്കി നിയന്ത്രണവിധേയമായശേഷം മാത്രമേ തിമിരം മാറ്റുന്നതിനുള്ള ചികിത്സ നല്‍കാനാവൂ. ചികിത്സ ഫലംചെയ്യണമെങ്കില് പ്രമേഹവും മറ്റു ജീവിതശൈലീ രോഗങ്ങളും കൃത്യമായ നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.