കാളികാവ്: പരിമിതികൾക്കിടയിലും രോഗപ്രതിരോധരംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവക്കുന്ന ആതുരകേന്ദ്രമാണ് കാളികാവ് സി.എച്ച്.സി. കോവിഡുൾപ്പെടെ പകർച്ചവ്യാധികൾ പടർന്നുപിടിച്ച ഘട്ടത്തിൽ രോഗവ്യാപനം തടയുന്നതിലുള്ള മികവ് മലയോര ജനത അനുഭവിച്ചറിഞ്ഞതാണ്. ആരോഗ്യ വകുപ്പ് സംവിധാനങ്ങൾക്ക് പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്ലബ്ബുകൾ ഉൾപ്പെടെ ജനകീയ കൂട്ടായ്മകളും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിലൂടെ പകർച്ചവ്യാധി വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കാളികാവ് സി.എച്ച്.സി വിജയം കണ്ടു. കോവിഡ് പടർന്ന ഘട്ടത്തിൽ ജില്ലയിലെ തന്നെ ഐസൊലേഷൻ കേന്ദ്രവും കോവിഡ് ആശുപത്രിയും സി.എച്ച്.സിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു.
ജനസംഖ്യാ പെരുപ്പവും പുതിയ സാംക്രമികരോഗങ്ങളുടെ കടന്നുവരവും കാരണം രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ വേണ്ട സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കാളികാവ് കേന്ദ്രീകരിച്ച് പ്രത്യേകം ഹെൽത്ത് ബ്ലോക്ക് സ്ഥാപിക്കണമെന്നത് ഫീൽഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ഏറെക്കാലമായി ഉയർത്തുന്ന ആവശ്യമാണ്. നിലവിൽ വണ്ടൂർ ഹെൽത്ത് ബ്ലോക്കിന് കീഴിലാണ് കാളികാവ്, കരുവാരകുണ്ട് ഉൾപ്പടെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. വണ്ടൂർ ഹെൽത്ത് ബ്ലോക്ക് വിഭജിച്ച് മലയോര ബെൽറ്റ് മാത്രം കേന്ദ്രീകരിച്ച് പ്രത്യേകം ഹെൽത്ത് ബ്ലോക്ക് രൂപവത്കരിക്കണമെന്നാണ് ആവശ്യം.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് ഗിരിജൻ കോളനി ഉൾപ്പെടുന്ന ട്രൈബൽ മേഖലയിൽ സ്വന്തമായി ഹെൽത്ത് ബ്ലോക്ക് സ്ഥാപിച്ചാൽ മാത്രമേ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താനാകൂ. പുതിയ ഹെൽത്ത് ബ്ലോക്ക് രൂപവത്കരിക്കാൻ രണ്ട് ഹെൽത്ത് സൂപ്പർവൈസർ തസ്തികകൾ കൂടി സർക്കാർ അധികമായി അനുവദിക്കണം. സി.എച്ച്.സിയിൽ നിലവിൽ മൂന്ന് ജെ.എച്ച്.ഐ, ആറ് ജെ.പി.എച്ച്.എൻ, ഒരു പി.എച്ച്.എൻ തസ്തികകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.