വെയിലുകൊണ്ടാൽ വേദന മാറുമോ?

വെയിലുകൊള്ളുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണ്​ എന്നൊരു തെറ്റായ ധാരണ സമൂഹത്തിൽ പൊതുവിലുണ്ട്​. പ്രത്യേകിച്ച്​ പ്രായമേറിയവരെയും കുട്ടികളെയും വെയിലത്ത്​ നിൽക്കാനോ നടക്കാനോ വീട്ടിലുള്ളവർ അനുവദിക്കാറില്ല. ജലദോഷവും പനിയും പിടിക്കും എന്നായിരുന്നു നമ്മൾ കേട്ടുകൊണ്ടിരുന്ന​ മുന്നറിയിപ്പ്​. കാലം ചെന്നപ്പോൾ സ്വാഭാവികമായിത്തന്നെ ആരും വെയിലുകൊള്ളാതായി.

കൃഷി കുറഞ്ഞതോടെ തുറസ്സായ സ്ഥലങ്ങളിൽനിന്നുള്ള ജോലികളും ഇല്ലാതായി. ഭൂരിപക്ഷം വീടുകളിലും വാഹനങ്ങളായതോടെ പുറത്തിറങ്ങി നടക്കുന്നതും അപൂർവമായി. ഫ്ലാറ്റ്​-ഓഫിസ്​ സംസ്കാരം വ്യാപകമാ​യതോടെ വളരെ കുറച്ചുപേർ മാത്രമാണ്​ വെയിലുകൊണ്ട്​ ജോലിചെയ്യുന്നത്​. വെയിലുകൊണ്ടാൽ കറുത്തുപോകുമെന്നതിനാൽ ബാക്കിയുള്ളവർ ‘സൺസ്ക്രീൻ’ ലേപനങ്ങൾ പുരട്ടിയാണ്​ പേരിനെങ്കിലും വെയിലത്തേക്കിറങ്ങുന്നത്​.

ഇതിന്‍റെയെല്ലാം പ്രത്യാഘാതങ്ങൾ ഇപ്പോൾ സമൂഹത്തിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. ഏത്​ രോഗത്തിന്‍റെ പേരിലായാലും ലാബ്​ പരിശോധനകളിൽ വിറ്റമിൻ-ഡിയുടെ അളവ്​ നിർണയം കൂടി ഉൾപ്പെടുത്തിയാണ്​ ഡോക്ടർമാർ കുറിപ്പുകളെഴുതുന്നത്​.

വെയിൽ കൊള്ളാതിരിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ‘ജീവകം-ഡി’യുടെ ലഭ്യത കുറയുകയും തുടർന്ന്​ പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, ഫാറ്റി ലിവർ, എല്ലുകളുടെ ബലം കുറയൽ, സ്തനാർബുദം തുടങ്ങി പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നുണ്ട്​.

കൂടാതെ നടുവേദന, പുറംവേദന, കഴുത്ത് വേദന, സന്ധിവേദന എന്നിവക്ക് കാരണവും ജീവകം-ഡിയുടെ കുറവാണ്. ഗർഭിണികളിലാകട്ടെ ജീവകം-ഡിയുടെ കുറവ്​ നവജാത ശിശുവിന്‍റെ മസ്തിഷ്ക വളർച്ചയെവരെ ബാധിക്കാൻ സാധ്യതയുണ്ടെന്ന്​ ഗവേഷകർ മുന്നറിയിപ്പ്​ നൽകുന്നു.

​പ്രായമായവരിൽ കണ്ടുവരുന്ന ശരീരവേദനയുടെ കാരണം പലപ്പോഴും എല്ലുകളുടെ തേയ്മാനത്തിനു​ പുറമെ പേശികളുടെ ബലക്ഷയവുമാണ്​. ശരീരത്തിന്​ ലഭിക്കേണ്ട കാൽസ്യം ആവശ്യത്തിന്​ ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം.

കഴിക്കുന്ന ആഹാരത്തിൽനിന്ന്​ കാൽസ്യം ശരീരം ആഗിരണം ചെയ്യണമെങ്കിൽ ജീവകം-ഡിയുടെ സഹായം ആവശ്യമാണ്​. മത്സ്യ-മാംസങ്ങളടക്കമുള്ള കാൽസ്യം സമ്പുഷ്ടമായ ആഹാരങ്ങൾ ധാരാളം കഴിക്കുന്നവരിലും ആവശ്യത്തിന്​ ജീവകം-ഡിയുടെ സാന്നിധ്യമില്ലെങ്കിൽ കാൽസ്യത്തിന്‍റെ കുറവ്​ അനുഭവപ്പെടാം.

ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻ‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനും ജീവകം-ഡി ആവശ്യമായതിനാൽ ഇതിന്‍റെ കുറവ്​ പ്രമേഹ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്​. ജീവകം-ഡിയുടെ കുറവ്​ ശരീരത്തിന്‍റെ ചയാപചയ (മെറ്റബോളിസം) പ്രവർത്തനങ്ങളെ ബാധിക്കുകയും അകാരണമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

അതുകൊണ്ടാണ്​ പ്രത്യേകിച്ച്​ രോഗങ്ങൾ ഒന്നും ഇല്ലാത്തവരിലും നന്നായി ഭക്ഷണം കഴിക്കുന്നവരിലും ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുമ്പോൾ പോലും ക്ഷീണം അനുഭവപ്പെടുന്നത്​. പ്രകൃതി നമുക്ക്​ സൗജന്യമായി നൽകുന്ന ഒരു ജീവകമാണിത്​. അതിന്​ അൽപനേരം വെയിലുകൊണ്ടാൽ മാത്രം മതി. ചൂട്​ രൂക്ഷമാകുന്നതിനു​ മുമ്പായി സൂര്യൻ ഉദിച്ചുയർന്നശേഷം അര മണിക്കൂറെങ്കിലും വെയിലുകൊണ്ടാൽ മരുന്നുകൾ കഴിക്കാതെതന്നെ ജീവകം-ഡി ലഭിക്കും.

ശരീരം സ്വാഭാവികമായി ആഗിരണം ചെയ്യുന്നതിനാൽ മരുന്നുകളിൽനിന്ന്​ ലഭിക്കുന്ന ജീവകത്തേക്കാൾ ഗുണപരമായി, വെയിലിൽനിന്ന്​ ലഭിക്കുന്നുണ്ട്​ എന്നതാണ്​ വാസ്തവം. 

സൂക്ഷിച്ച്​ വെയിലുകൊള്ളുക

വേനൽക്കാലത്ത്​ കടുത്ത വെയിലിൽ തുറസ്സായ സ്ഥലത്ത്​ ദീർഘനേരം കഴിയുന്നത്​ സൂര്യാഘാതത്തിന്​ കാരണമാവും. സൂര്യനിൽനിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അൾട്രാവയലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാകാറ്.

കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. സൂര്യാഘാതമേറ്റാൽ തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണംപോലും സംഭവിക്കാം. കുട്ടികളിലും പ്രായമായവരിലും സൂര്യാഘാതമേൽക്കാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരിക താപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെവരും.

തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിത ചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിന ജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.

(ലേഖിക നാച്ചുറൽ ഹൈജിനിസ്റ്റും യോഗ സയൻസിൽ ബിരുദധാരിയുമാണ്​)

Tags:    
News Summary - Does sunbathing make the pain go away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.