നിലമ്പൂർ: വഴിക്കടവിൽ കോളറ പടരുന്നു. തിങ്കളാഴ്ച എട്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. മറ്റു 23 പേർക്കുകൂടി രോഗം സംശയിക്കുന്നു.
സമാന രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ജില്ല മെഡിക്കൽ ഓഫിസ്, മഞ്ചേരി മെഡിക്കൽ ഓഫിസ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ വഴിക്കടവിൽ എത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തെത്തിയ വിദഗ്ധസംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തും.
മഞ്ചേരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി വിഭാഗം, മൈക്രോബയോളജി വിഭാഗം പ്രഫസർമാർ, ജില്ല മെഡിക്കൽ ഓഫിസിലെ അസിസ്റ്റന്റുമാർ എന്നിവരാണ് വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്. മുണ്ട കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ, ആശപ്രവർത്തകർ, റവന്യൂ, പൊലീസ്, ഭക്ഷ്യസുരക്ഷ വിഭാഗം എന്നിവരുടെ കോഓഡിനേഷൻ സംഘമാണ് പ്രതിരോധ പ്രവർത്തനത്തിലുള്ളത്.
കാരക്കോടൻ പുഴയിലെ വെള്ളത്തിൽനിന്നാണ് രോഗം പടർന്നതെന്നാണ് സംശയിക്കുന്നത്. വെള്ളം പരിശോധനക്ക് എടുത്തിട്ടുണ്ട്. പുഴയോട് ചേർന്നുള്ള വഴിക്കടവ് ടൗണിലെ ജലനിധിയുടെ കിണറ്റിൽനിന്നുള്ള പമ്പിങ് തൽക്കാലത്തേക്ക് നിർത്തിവെച്ചു. ജലനിധിയുടെ റീജനൽ ഓഫിസർ സ്ഥലത്തെത്തിയിരുന്നു. ജലനിധി ഉപയോഗിച്ചിരുന്ന ജലദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് വാട്ടർ അതോറിറ്റിയും ഗ്രാമപഞ്ചായത്തും ടാങ്കർ വഴി വരും ദിവസങ്ങളിൽ കുടിവെള്ളം എത്തിക്കും. രോഗം സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ ചെയ്തു. മൂന്ന് ദിവസം ഇടവേളകളിൽ കിണറുകളിലെ ക്ലോറിനേഷൻ തുടരും. ഇതിനായി 20 അംഗ ടീമിനെ ചുമതലപ്പെടുത്തി. വഴിക്കടവ് ടൗണിലെയും പരിസരങ്ങളിലെയും മുഴുവൻ ഭക്ഷ്യകടകളിലും മറ്റും സംഘം പരിശോധന നടത്തി.
പുഴയിൽനിന്ന് നേരിട്ട് വെള്ളം ഹോട്ടലുകളിലേക്ക് പമ്പ് ചെയ്യുന്നത് നിർത്തി. രോഗത്തിനെതിരായ ജാഗ്രത പാലിക്കാൻ പഞ്ചായത്തിൽ മൈക്ക് വഴി പ്രചാരണം നടത്തുന്നുണ്ട്. സമീപ പഞ്ചായത്തായ എടക്കരയിലും ഒരാൾക്ക് കോളറ രോഗം സംശയിക്കുന്നുണ്ട്. സമാന രോഗലക്ഷണം കാണിച്ച രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാരക്കോടൻ പുഴയിലെ ജലസമ്പർക്കം ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുണ്ട്.
പുഴയിൽ കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതും പുഴയിൽനിന്ന് കൃഷിയിടത്തിലേക്കുള്ള ജലസേചനവും ഒഴിവാക്കണം. പുഴയുടെ സമീപ കടകളിൽനിന്നുള്ള പാനീയങ്ങൾ, ഐസ്ക്രീം, ഭക്ഷണം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രേമ ഉപയോഗിക്കാവൂ എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.