ബംഗളൂരു: കർണാടകയിൽ ആദ്യ സിക കേസ് റിപ്പോർട്ട് ചെയ്തു. കർണാടക റെയ്ചൂർ ജില്ലയിലെ മാൻവി താലൂക്കിൽ അഞ്ചുവയസുകാരിക്കാണ് സിക റിപ്പോർട്ട് ചെയ്തത്. അസുഖമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയുടെ രക്ത സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനക്ക് അയച്ചത് ഡിസംബർ അഞ്ചിനാണ്. എട്ടിന് ഫലം വന്നപ്പോൾ പെൺകുട്ടി സിക പോസിറ്റീവ്.
പെൺകുട്ടിയോ വീട്ടുകാരോ പുറത്തേക്കെവിടെയും യാത്ര ചെയ്തിട്ടില്ല. കൊലിചിയ ഗ്രാമത്തിലെ ഒറ്റപ്പെട്ടയിടത്താണ് ഇവർ താമസിക്കുന്നത്. ആദ്യം ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പരിശോധിക്കാനായാണ് പെൺകുട്ടിയുടെ സ്രവങ്ങൾ ശേഖരിച്ചത്. എന്നാൽ ഫലം വന്നപ്പോൾ സിക പോസിറ്റീവ്. പിന്നീട് പെൺകുട്ടിയുടെ മാതാപിതാക്കളുടെതുൾപ്പെടെ വീട്ടിലുള്ള അഞ്ചുപേരുടെ സ്രവങ്ങളും പരിശോധനക്ക് അയച്ചു. എന്നാൽ ഇവയിലെല്ലാം സിക നെഗറ്റീവായിരുന്നു.
പെൺകുട്ടി സിക പോസിറ്റീവായിരുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ തിങ്കളാഴ്ച സ്ഥിരീകരിച്ചു. മാസങ്ങൾക്ക് മുമ്പ് കേരളത്തിലും ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലും സിക റിപ്പോർട്ട് ചെയ്തിരുന്നെന്നും എന്നാൽ ഇത് കർണാടകയിലെ ആദ്യ കേസാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആരോഗ്യ വിഭാഗം മുന്നറിയിപ്പുകൾ നൽകും അവ പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിൽ പെൺകുട്ടി സിക സെഗറ്റീവ് ആയിട്ടുണ്ടെന്നും ആരോഗ്യ നില തൃപ്തികരമായതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ചെയ്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.