ജിദ്ദ: വിവിധ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളും ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താൽ മതിയെന്ന മുന്നറിയിപ്പുമായി പബ്ലിക്ക് ഹെൽത്ത് അതോറിറ്റി. ആരോഗ്യ സേവനങ്ങളുടെയും പകർച്ചവ്യാധികളുടെയും നിലവാരം കണക്കിലെടുത്താണ് തിങ്കളാഴ്ച അതോറിറ്റി യാത്രാ മുന്നറിയിപ്പുകളും പ്രതിരോധ മാർഗനിർദേശങ്ങളും പ്രഖ്യാപിച്ചത്. അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം. യാത്ര ചെയ്യേണ്ടിവരുകയാണെങ്കിൽ തന്നെ താമസത്തിന്റെ ദൈർഘ്യം കുറക്കാനും നിർദേശമുണ്ട്.
മഞ്ഞ കാറ്റഗറിയിൽ പെടുത്തിയ തായ്ലൻഡ്, എൽസാൽവഡോർ, ഹോണ്ടുറസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇന്ത്യ, ഇത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയിൽ പെടുത്തിയ സിംബാബ്വേയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിർദേശമുള്ളത്. കോളറ, ഡെങ്കിപ്പനി, നിപ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ പടരുന്ന രോഗങ്ങൾ.
പോളിയോ, മലേറിയ, കോവിഡ് എന്നിവ ഈ രാജ്യങ്ങളിൽ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മ നിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചത് കൊണ്ടാണ് സിംബാബ്വേയെ ചുവപ്പ് കാറ്റഗറിയിൽപെടുത്തിയത്. അത്യാവശ്യമായി ഈ രാജ്യങ്ങളിൽ പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കാൻ അതോറിറ്റി നിർദേശിച്ചു.
രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിൽ സ്പർശിക്കരുത്, ഭക്ഷണ പാത്രങ്ങൾ പങ്കിടരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം, താമസത്തിെൻറ ദൈർഘ്യം കുറക്കണം, ഇടകലർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുക, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അതോറിറ്റി വിശദീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.