എച്ച് വണ്‍ എന്‍ വണ്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. മുന്‍ വര്‍ഷങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത കൈവെടിയരുത്.

ഇന്‍ഫ്‌ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു വൈറസാണ് എച്ച് വണ്‍ എന്‍ വണ്‍. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം.

രോഗലക്ഷണങ്ങള്‍

പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

വായു വഴിയാണ് രോഗം പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസരത്തുള്ളവരിലേക്ക് രോഗം പകരാന്‍ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. അത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കിയേക്കും.

അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വായും മൂക്കും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക.

പൊതുസ്ഥലത്ത് തുപ്പരുത്.

രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക.

ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കല്‍ എന്നിവ ഒഴിവാക്കുക.

മൊബൈല്‍ ഫോണ്‍ ഷെയര്‍ ചെയ്യാതിരിക്കുക.

പുറത്തുപോയി വീട്ടിലെത്തിയാല്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക. എച്ച്.വണ്‍.എന്‍.വണ്‍. രോഗാണുക്കളെ സാധാരണ സോപ്പ് നിര്‍വീര്യമാക്കും.

രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടേണ്ടതും, എച്ച് വണ്‍ എന്‍ വണ്‍ രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലെത്തി എച്ച് വണ്‍ എന്‍ വണ്‍ പരിശോധനക്ക് വിധേയരാകേണ്ടതുമാണ്.

Tags:    
News Summary - H1N1 announcement on health department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.