കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. കൊച്ചിൻ കോർപറേഷനിലാണ് കൂടുതൽ രോഗബാധിതർ. ഡിവിഷൻ നമ്പർ 31, 32 കലൂർ, മട്ടാഞ്ചേരി, ഇടപ്പള്ളി, വടുതല, കൂത്തപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭ പ്രദേശങ്ങളിലും ഡെങ്കി ബാധിതർ കൂടുതലാണ്.
ഡെങ്കിബാധിത പ്രദേശങ്ങളിൽ കൂടുതലായും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളും വീടുകളിൽ അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളുമാണ് ഉറവിടങ്ങളായി കാണുന്നത്. കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങളും മാലിന്യസംസ്കരണവും ഉറപ്പാക്കി എല്ലാ ആഴ്ചയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.
വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ചിരട്ട തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാം. ചെടിച്ചട്ടികളിലെയും ഫ്രിഡ്ജിലെയും ട്രേയിലെ വെള്ളം ആഴ്ചതോറും മാറ്റണം.
ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും നിര്‍മാണ സ്ഥലത്തെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ മൂടിസൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. നീണ്ടുനില്‍ക്കുന്ന പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.