ബാഹ്യവും ആന്തരികവുമായ പല ഘടകങ്ങളോടുമുള്ള ശരീരത്തിന്റെ അമിതമായ പ്രതിപ്രവര്‍ത്തനം (അലര്‍ജി) ശ്വാസനാളികളെ ബാധിക്കുന്നതാണ് ആസ്ത്മക്ക് കാരണമാകുന്നത്. ഇതുമൂലം ശ്വാസനാളികളില്‍ ചുരുക്കം, നീര്‍ക്കെട്ട്, വീക്കം തുടങ്ങിയവ സംഭവിക്കുമ്പോഴാണ് രോഗികള്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. ഏത് പ്രായക്കാരിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അനുഭവപ്പെടുന്ന ഒന്നാണ് ആസ്ത്മ. എന്നാല്‍, കുട്ടിക്കാലം മുതല്‍ ആസ്ത്മ അനുഭവപ്പെടുന്നവരില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ ക്രമേണ ഗുരുതരമാകുന്ന സ്ഥിതിവിശേഷം കണ്ടുവരുന്നുണ്ട്. നിത്യജീവിതത്തിലെ പല കാര്യങ്ങളും ആസ്ത്മയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ തുടര്‍ച്ചയായ ശ്രദ്ധയും പരിചരണവും ആസ്ത്മ നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.
കാലാവസ്ഥ വ്യതിയാനം മുതല്‍ രോഗിയുടെ മാനസികാവസ്ഥയിലെ വ്യത്യാസങ്ങള്‍പോലും ആസ്ത്മയുടെ അസ്വസ്ഥതകള്‍ പുറത്തുവരാന്‍ കാരണമാകാറുണ്ട്. മാനസിക സമ്മര്‍ദം കൂടുന്ന സാഹചര്യങ്ങളില്‍ രോഗത്തിന്റെ അസ്വസ്ഥതകള്‍ വര്‍ധിക്കുന്നത് സാധാരണ കണ്ടുവരുന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍പോലും അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നതിനാല്‍ ആസ്ത്മ രോഗികളായ സ്ത്രീകളില്‍ ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.
ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, തുമ്മല്‍, തൊണ്ട ചൊറിച്ചില്‍, കഫക്കെട്ട്, രാത്രി ഉറക്കത്തിനിടയില്‍ കടുത്ത ചുമ അനുഭവപ്പെടുക, ശരീരത്തില്‍ മറ്റേതെങ്കിലും വിധത്തിലുള്ള അലര്‍ജി തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നവരില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി എക്സ്റേ, പള്‍മണറി ഫങ്ഷന് ടെസ്റ്റ് എന്നിവ നടത്താറുണ്ട്. ശ്വാസകോശത്തിന്റെ ചുരുക്കം വ്യക്തമാകുന്നതുള്പ്പെടെ ചികിത്സക്ക് സഹായകമാകുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ ഇവ സഹായിക്കും. മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസനാളിയുടെ ചുരുക്കം ഇല്ലാതാക്കി വികസിക്കുന്നുവെങ്കില്‍ അത് ആസ്ത്മയുടെ ലക്ഷണമാണ്.
പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ രീതിയില്‍, എന്നാല്‍ ഏറ്റവും ഫലപ്രദമായി ആസ്ത്മ സംബന്ധമായ അസ്വസ്ഥതകള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായകമാകുന്നതാണ് ഇന്‍ഹേലറുകള്‍. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടുതല്‍ വ്യാപിക്കാതെ ശ്വാസനാളികളില്‍ ആവശ്യമായ അളവില്‍ മാത്രം മരുന്നുകള്‍ എത്താന്‍ ഇവ സഹായിക്കും. അതുകൊണ്ടുതന്നെ മറ്റു മരുന്നുകളേക്കാള്‍ ഫലപ്രദമാണ് ഈ രീതി. എന്നാല്‍, ഇതിനു പകരമായി ഡോക്ടറുടെ നിര്‍ദേശമില്ലാതെ നെബുലൈസേഷന് ചെയ്യുന്നത് വിപരീത ഫലത്തിന് കാരണമാകും. അമിതമായ രീതിയില്‍ വീടുകളില്‍തന്നെ നെബുലൈസേഷന് ചെയ്തുകൊണ്ട് ആസ്ത്മ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അവസ്ഥ ഗുരുതരമാകാന്‍ കാരണമാകും. താല്‍ക്കാലിക ആശ്വാസം നല്‍കുക എന്നതിനപ്പുറം ശാശ്വതമായ മാറ്റമുണ്ടാകാന്‍ ഇത് സഹായിക്കില്ല. അതേസമയം, സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ ഇന്‍ഹേലറുകള്‍ ഉപയോഗിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഗുണംചെയ്യും.
ചികിത്സ കൃത്യമായി പിന്തുടര്ന്നുകൊണ്ടും കാരണമാകുന്ന സാഹചര്യങ്ങളെ നിയന്ത്രിച്ചുകൊണ്ടും മാത്രമേ ആസ്ത്മയുടെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സാധിക്കൂ. പൊടിപടലങ്ങള്‍, ചില ഗന്ധങ്ങള്‍, വളര്‍ത്തുമൃഗങ്ങളില്‍ കണ്ടുവരുന്ന ചെറിയ പ്രാണികള്‍, പുക ശ്വസിക്കുന്നത്, കാലാവസ്ഥ തുടങ്ങി വിവിധ കാരണങ്ങള്‍ ആസ്ത്മക്ക് കാരണമാകാറുണ്ട്. എന്നാല്‍, എല്ലാ രോഗികളിലും ഒരേ കാരണമാകണമെന്നില്ല ആസ്ത്മ ഗുരുതരമാകുന്നതിന് വഴിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരിലും കാരണമാകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിവേണം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍. ഇത്തരം സാഹചര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടും കൃത്യമായ രീതിയില്‍ ചികിത്സ ഉറപ്പാക്കിയും രോഗം നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും.
രോഗികളുടെ ജീവിത സാഹചര്യം മനസ്സിലാക്കുന്നതിലൂടെയാണ് പലപ്പോഴും അവരില്‍ ആസ്ത്മ അസ്വസ്ഥതകള്‍ കൂടുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാറുള്ളത്. നിത്യജീവിതത്തിലെ ചെറിയ കാര്യങ്ങള്‍പോലും ശ്രദ്ധിച്ചുകൊണ്ട് രോഗിക്കുതന്നെ കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ്, കാര്‍ഡിയാക് സംബന്ധമായ ഗുരുതര പ്രശ്നങ്ങള്‍ എന്നിവക്ക് വഴിവെക്കും. ആസ്ത്മ രോഗികള്‍ യാത്രചെയ്യുന്ന സമയങ്ങളില്‍ ഏറ്റവും വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതിനുള്ള മാർഗങ്ങള്‍ കൈയില്‍ കരുതുന്നത് ഗുണംചെയ്യും.
കുട്ടികളില്‍ ആസ്ത്മ കണ്ടെത്തിയാൽ ഉടന്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍ അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇത് ദോഷം ചെയ്യും. ഇന്‍ഹേലറുകള്‍ പോലുള്ളവ ഉപയോഗിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആസ്തമ അസ്വസ്ഥതകള്‍ വര്‍ധിക്കും. ഇത് മൂലം ആത്മവിശ്വാസക്കുറവ്, സമപ്രായക്കാരായ കുട്ടികളുമായി കളികളില്‍ ഏര്‍പ്പെടുന്നതിനും മറ്റുള്ളവരുമായി ഇടപെടുന്നതിനും വിമുഖത കാണിക്കുക, പഠന കാര്യങ്ങളില്‍ പിന്നാക്കം നില്ക്കുക, ശ്വാസതടസ്സം അനുഭവപ്പെടുന്നത് മൂലം ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങി കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന ആരോഗ്യകരമായ അന്തരീക്ഷം ഇല്ലാതാക്കാന്‍ ആസ്ത്മ കാരണമാകും. പോഷകാഹാരം ലഭിക്കാത്തത് എല്ലാ കാര്യങ്ങളിലും കുട്ടികള്‍ പിറകോട്ട് പോകാന്‍ കാരണമാകും. കൃത്യമായ ചികിത്സ ലഭിക്കുകയും കാരണമാകുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് കുട്ടികളിലെ ആസ്ത്മ വേഗത്തില്‍ നിയന്ത്രിക്കാന്‍ കഴിയും.
ആസ്ത്മ രോഗികളില്‍ ശ്വാസനാളിയുടെ ചുരുക്കം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ മരുന്നുകള്‍ കൊണ്ട് സാധിക്കും. എന്നാല്‍, ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ് എന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞാല്‍ ഇത് സാധ്യമാകില്ല. പതിവായി പുകവലിക്കുന്നവരില്‍ മധ്യ വയസ്സിന് ശേഷമാണ് ഈ അവസ്ഥ കണ്ടുവരുന്നത്. പുകവലിക്കുന്നവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചുകൊണ്ട് പാസിവ് സ്മോക്കിങ് സംഭവിക്കുന്നതും ഇതിനു കാരണമാകാറുണ്ട്. ചിലരില്‍ വിറകടുപ്പിലെ പുക തുടര്‍ച്ചയായി ശ്വസിക്കുന്നത് മൂലവും ഈ അവസ്ഥ കണ്ടേക്കാം. ശ്വാസനാളി സ്ഥിരമായി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണിത്. ആസ്ത്മക്ക് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് ഇത്തരം രോഗികളിലും അനുഭവപ്പെടുന്നത്. എന്നാല്‍, ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ് ബാധിച്ച രോഗികളില്‍ 80 ശതമാനവും പുകവലി കൊണ്ട് രോഗം ബാധിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.