വയോധികർ ചികിത്സ തേടുമ്പോൾ

കേരളത്തിൽ വയോധികരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വള​രെ കൂടുതലാണ്. അതിന് കാരണം ഉയർന്ന സാക്ഷരതയും ആരോഗ്യമേഖലയിലെ പുരോഗതിയും ഒരു പരിധിവരെ അനുകൂല കാലാവസ്ഥയുമാണ്. അതേസമയം 60 വയസ്സിന് മുകളിലുള്ള പൗരന്മാരുടെ എണ്ണത്തിലെ വർധന മറ്റുചില വെല്ലുവിളികൾ സമൂഹത്തിന് മുന്നിൽ ഉയർത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുൻ തലമുറകളെ അപേക്ഷിച്ച് നിലവിലുള്ള വയോധികരിൽ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളുടെ ആധിക്യം.

​പ്രമേഹം, രക്താതിസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ, കരൾ/ വൃക്ക/ ശ്വാസകോശ രോഗങ്ങൾ, നാഡീവ്യൂഹങ്ങളുടെയും ദ​ഹനേന്ദ്രിയങ്ങളുടെയും പ്രശ്നങ്ങൾ, മൂത്രാശയ രോഗങ്ങൾ, അർബുദം എന്നിങ്ങനെ ജീവിതത്തിന്റെ സായാഹ്നകാലത്ത് വ്യക്തികളെ പ്രതിസന്ധിയിലാക്കുന്ന രോഗങ്ങൾ പലതാണ്. മേൽ സൂചിപ്പിച്ച രോഗങ്ങളിൽ ഏതെങ്കിലും ഒന്നിന്റെയെങ്കിലും പിടിയിലകപ്പെടാത്തവർ അപൂർവമാണ്. മിക്കവരിലും ഒന്നിലധികം രോഗങ്ങളാണ് ഒരേസമയം കണ്ടുവരുന്നത്. പ്രായാധിക്യവുമായി ബന്ധപ്പെട്ട സ്വാഭാവികമായ ശാരീരിക അവശതകൾ ഇതിന് പുറമെയാണ്. ഈ സാഹചര്യത്തിൽ വാർധക്യത്തിലെത്തിനിൽക്കുന്നവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വ്യാപകമായ ബോധവത്കരണം വളരെ അത്യാവശ്യമാണ്.

വാർധക്യ കാല രോഗങ്ങളെക്കുറിച്ചുള്ള അവബോധം, ചികിത്സകൾ സംബന്ധിച്ച പ്രാഥമിക ധാരണ, മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചുമുള്ള അറിവ്, സ്വയം ചികിത്സയിലെ അപകടങ്ങൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് മൊത്തത്തിലും വയോധികർക്ക് പ്രത്യേകിച്ചും അറിവുകൾ പകർന്നു നൽകേണ്ടത് അത്യാവശ്യമാണ്.

സർക്കാർ ഏജൻസികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വയോജന കൂട്ടായ്മകൾ രൂപവത്കരിച്ച് ഇത്തരം വിഷയങ്ങളിൽ നിരന്തരമായ ബോധവത്കരണം നടത്തുകയാണ് ഇതിനുള്ള ഒരു മാർഗം. റസിഡന്റ്സ് അസോസിയേഷനുകൾക്കും ഇത്തരം കാര്യങ്ങളിൽ വലിയ പങ്ക് വഹിക്കാനുണ്ട്.

ചികിത്സ​ തേടുമ്പോൾ ശ്ര​ദ്ധിക്കേണ്ടവ

കേരളത്തിൽ പൊതുവിൽ കണ്ടുവരുന്ന പ്രവണതയാണ് ഏത് അസുഖത്തിനും അത് ഗുരുതരമല്ലെങ്കിൽ​പോലും കിട്ടാവുന്നതിലെ ഏറ്റവും വലിയ ആശുപത്രിയിൽ പോയി ഏറ്റവും തിരക്കേറിയ വിദഗ്ധനെ സമീപിക്കുക എന്നത്. ഒറ്റ നോട്ടത്തിൽ മികച്ച ചികിത്സ ലഭിക്കാനുള്ള ശ്രമമായി ഇതിനെ കാണാമെങ്കിലും ഇതിൽ ചില അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. അതിൽ പ്രധാനപ്പെട്ടത് രോഗിയെക്കുറിച്ചും രോഗിയുടെ കുടുംബ-ജീവിത പശ്ചാത്തലത്തെക്കുറിച്ചും അറിവുള്ള ഡോക്ടറുടെ അഭാവമാണ്. വിദഗ്ധ ഡോക്ടറാണെങ്കിൽപോലും തിരക്കേറിയ ഒ.പി യിലെ ഏതാനും മിനിറ്റിലെ പരിശോധനകളിൽ പിഴവുകൾ പറ്റാനുള്ള സാധ്യത വളരെ ഏറെയാണ്.

രോഗിയുടെ ജീവിതശൈലി, ജോലി, കുടുംബ പശ്ചാത്തലം എന്നിവയെക്കുറിച്ച് നല്ല അറിവുള്ള കുടുംബ ഡോക്ടറായിരിക്ക​ണം ആദ്യം രോഗപരിശോധന നടത്തേണ്ടത്. തുടർന്ന് ആവശ്യമുണ്ടെങ്കിൽ മാത്രമായിരിക്കണം സൂപ്പർ സ്​പെഷാലിറ്റി ആശുപത്രികളിലെ ചികിത്സകൾ തേ​ടേണ്ടത്.

മരുന്നുകളുടെ പാർശ്വഫലങ്ങൾ

ഏതാണ്ട് 90 ശതമാനം മരുന്നുകൾക്കും ഏറിയും കുറഞ്ഞുമുള്ള പാർശ്വഫലങ്ങളുണ്ട്. അതിൽ ഭൂരിഭാഗവും അവഗണിക്കാവുന്നതായതിനാൽ ചികിത്സകൻ അതേക്കുറിച്ച് രോഗികളോട് എപ്പോഴും പറയാറില്ല.

അതേസമയം, മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം കുറേക്കൂടി ഗൗരവമുള്ള അവസ്ഥയാണ്. ഒന്നിലധികം മരുന്നുകൾ ഒരു വ്യക്തി ഒരേസമയം കഴി​ക്കുമ്പോൾ, മരുന്നുകളി​ൽ അടങ്ങിയ രാസവസ്തുക്കൾ തമ്മിൽ ചേർന്ന് രോഗിയുടെ ശരീരത്തിനുള്ളിൽവെച്ച് അനാവശ്യമായ രാസപ്രക്രിയകൾ നടക്കുകയും അതിന്റെ ഫലമായി പുതിയ രാസവസ്തുക്കൾ സൃഷ്ടിക്കപ്പെടുകയുംചെയ്യുന്നു. അത്തരം രാസവസ്തുക്കൾ രോഗിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്.

അതുകൊണ്ടുതന്നെ സ്ഥിരമായി ചില മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്ന രോഗികൾ പുതിയൊരസുഖത്തിന് മറ്റൊരു ഡോക്ടറെ സമീപിക്കുമ്പോൾ നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ചീട്ട് രോഗവിവരങ്ങളോടൊപ്പം ആ ഡോക്ടർക്ക് നൽകണം. ചില മരുന്നുകൾ ഭക്ഷണങ്ങളുമായും മദ്യവുമായുമെല്ലാം പ്രതിപ്രവർത്തനം നടത്തുന്നവയാണ്. ഡോക്ടർമാർ ഇക്കാര്യങ്ങൾ വിശദമായി ​രോഗികൾക്ക് പറഞ്ഞുകൊടുത്തില്ലെങ്കിൽ ആരോഗ്യപരമായ ചില പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ട്.

സ്വയം ചികിത്സയുടെ അപകടങ്ങൾ

സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും ആദ്യഘട്ടത്തിൽ സ്വയം ചികിത്സ നടത്തുന്നവരാണ്. തന്റെ പരിമിതമായ അറിവുവെച്ച് സ്വയം ‘ഡോക്ടർ’ ആയി ചമഞ്ഞ് ചികിത്സ നടത്തുവരെ നിരവധി അപകടങ്ങളാണ് കാത്തിരിക്കുന്നത്. പനി വരുമ്പോഴൊക്കെ മെഡിക്കൽ ഷോപ്പിൽ പോയി പാരസെറ്റമോൾ വാങ്ങിക്കഴിക്കുന്നവർ മുതൽ ആന്റിബയോട്ടിക്കുകൾ വരെ സ്വയം സേവിക്കുകയോ, മറ്റുള്ളവർക്ക് വാങ്ങിനൽകുകയോ ചെയ്യുന്നവർ നമുക്ക് ചുറ്റിലും കാണാം. ഇത്തരത്തിൽ മരുന്നുകടയിലെ ‘വിദഗ്ധർ’ നൽകുന്ന വേദനസംഹാരികൾ കഴിഞ്ഞ് വൃക്കരോഗം ഗുരുതരാവസ്ഥയിലായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

വേണം കുടുംബ ഡോക്ടർ

രോഗിയുടെ സമഗ്രമായ ആരോഗ്യനിലയെക്കുറിച്ചും മുൻകാലങ്ങളിൽ ഉണ്ടായ രോഗങ്ങളെക്കുറിച്ചും രോഗിക്കുണ്ടാവുന്ന അലർജികൾ, പാരമ്പര്യമായി ലഭിച്ചിട്ടുള്ള രോഗങ്ങൾ, ജോലിയുടെ പ്രത്യേകത തുടങ്ങി രോഗിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുന്ന ഒരു കുടുംബ ഡോക്ടർ എല്ലാവർക്കും, പ്രത്യേകിച്ച് വയോധികർക്ക് അത്യാവശ്യമാണ്.

സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലെ സ്​പെഷലിസ്റ്റുകൾ, ആധുനിക സാ​ങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനകൾ എന്നിവയെല്ലാം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മതിയാവും. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് കുടുംബഡോക്ടർ നൽകുന്ന ഉപദേശങ്ങളും അത്യാവശ്യ മരുന്നുകളും കൊണ്ടുതന്നെ പരിഹാരമാവും എന്നതാണ് വാസ്തവം.

Tags:    
News Summary - health news-elderly seek treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.