കേന്ദ്രസർക്കാർ 2023 സെപ്റ്റംബറിൽ രാഷ്ട്രീയ പോഷൻ മാഹ് ആഘോഷിക്കുന്നു. ഗർഭകാലം, ശൈശവം, ബാല്യം, കൗമാരം എന്നീ മനുഷ്യജീവിത ഘട്ടങ്ങളെക്കുറിച്ചുള്ള ‘സുപോഷിത് ഭാരത്, സാക്ഷർ ഭാരത്, സശക്ത് ഭാരത്’ (പോഷകാഹാര സമ്പന്നമായ ഇന്ത്യ, വിദ്യാഭ്യാസമുള്ള ഇന്ത്യ, ശാക്തീകരിക്കപ്പെട്ട ഇന്ത്യ) എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഇന്ത്യയിലുടനീളം പോഷകാഹാര അവബോധം വളർത്തുക എന്നതാണ് ലക്ഷ്യം.
കുട്ടികളിലും മുതിർന്നവരിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഒരുപോലെ കാണുന്ന ഒന്നാണ് വിളർച്ച (അനീമിയ). രക്തത്തിലെ ചുവന്ന രക്താണുക്കളുടെ (RBC) അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണിത്. ചുവന്ന രക്താണുക്കളാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും വേണ്ട ഓക്സിജൻ എത്തിക്കുന്നത്. ഓക്സിജന്റെ അളവ് കുറഞ്ഞാൽ അത് കോശങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
ക്ഷീണം, തലകറക്കം, തളർച്ച, കിതപ്പ്, ശ്വസനത്തിനുള്ള ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് കൂടുക, ദഹിക്കാത്ത ഭക്ഷണങ്ങൾ കഴിക്കാനുള്ള താൽപര്യം (PICA) ഉദാ: മണ്ണ്, അരി; എന്നിവയാണ് ലക്ഷണങ്ങൾ.
അനീമിയകളിൽ ഏറ്റവും പ്രധാനം ന്യൂട്രീഷനൽ അനീമിയ (പോഷകക്കുറവ് മൂലമുള്ള വിളർച്ച) ആണ്. പരമ്പരാഗത ഭക്ഷണരീതി മാറുന്നതും സസ്യാഹാരം ഒഴിവാക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പ്രകാരം 40 ശതമാനം ഗർഭിണികളിലും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ 42 ശതമാനവും വിളർച്ചക്ക് അടിമകളാണ്. പണ്ടുകാലങ്ങളിൽ പോഷകക്കുറവാണ് അനീമിയക്ക് പ്രധാന കാരണമെങ്കിൽ ഇന്ന് അമിതാഹാരവും ഫാസ്റ്റ് ഫുഡും അമിത വണ്ണവുമാണ് പ്രധാന കാരണം.
സാധാരണ ഹീമോഗ്ലോബിന്റെ അളവ് പുരുഷന്മാരിൽ 13.8 മുതൽ 17.2 ഗ്രാം/DLഉം സ്ത്രീകളിൽ 12.1 മുതൽ 12.5 ഗ്രാം/DLഉമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് വ്യത്യസ്തമായിരിക്കും.
ആർത്തവ സമയത്തുള്ള അമിത രക്തസ്രാവം, കൊച്ചു കുട്ടികളിൽ കാണുന്ന വിരശല്യം, പ്രസവ സമയത്തുള്ള അമിതരക്തം, വൃക്കരോഗികൾ, ചിലതരം മരുന്നുകളുടെ ഉപയോഗം, ഇരുമ്പിന്റെ (അയൺ) ആഗിരണക്കുറവ് എന്നിവ പ്രധാന കാരണങ്ങളാണ്.
ശരിയായ രീതിയിലുള്ള ആഹാര ക്രമീകരണത്തിലൂടെ ഒരുപരിധിവരെ വിളർച്ചയെ തടയാൻ സാധിക്കും. ഭക്ഷണത്തിൽ ധാരാളം പയർ വർഗങ്ങൾ, പച്ച ഇലക്കറികൾ, മുട്ട, മത്സ്യങ്ങൾ, മാംസ്യങ്ങൾ ഉൾപ്പെടുത്തുന്നതുവഴി അയണും ഫോളിക്കാസിഡും ശരീരത്തിൽ ലഭിക്കുന്നു. ചുവന്ന ഇറച്ചികൾ (റെഡ് മീറ്റ്), കോഴിയിറച്ചി, വിറ്റാമിൻ B12 അടങ്ങിയ കരൾ, മുട്ടയുടെ മഞ്ഞ, കടൽമത്സ്യങ്ങൾ ഇവയെല്ലാം ആവശ്യമായ തോതിൽ ഉൾപ്പെടുത്തേണ്ടതാണ്. അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനോടൊപ്പം വിറ്റാമിൻ-സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച്, മുസമ്പി, പപ്പായ, പൈനാപ്പിൾ, കിവി, പേരക്ക, ബ്രൊക്കോളി, തക്കാളി എന്നിവ കഴിക്കുന്നത് ശരീരത്തിലേക്ക് അയണിന്റെ ആഗിരണത്തെ സഹായിക്കുന്നു.
അയൺ അടങ്ങിയ എള്ള്, ശർക്കര, മുതിര, ഉണങ്ങിയ പഴങ്ങളായ കാരക്ക (ഈത്തപ്പഴം), അത്തിപ്പഴം, കറുത്ത മുന്തിരി എന്നിവ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ടാനിൻ അടങ്ങിയ ചായ, കാപ്പി എന്നിവ അയണിന്റെ ആഗിരണത്തെ കുറക്കുന്നു. ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ ചായ കുടിക്കുന്നത് അയണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. വിറ്റാമിൻ-സി അടങ്ങിയ പച്ചക്കറികളും പഴങ്ങളും കൂടുതൽ സമയം വെള്ളത്തിലിട്ട് വെക്കുന്നത് ഒഴിവാക്കേണ്ടതാണ്. അയണിന്റെ ആഗിരണത്തെ കാത്സ്യം തടസ്സപ്പെടുത്തുന്നതിനാൽ അയൺ ഗുളികകളോടൊപ്പം പാലും പാലുൽപന്നങ്ങളും ഒഴിവാക്കേണ്ടതാണ്. അയൺ സപ്ലിമെന്റിന്റെ രണ്ടുമണിക്കൂർ മുമ്പോ ശേഷമോ പാലും പാലുൽപന്നങ്ങളും ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.