ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള താപനിലയും ഉഷ്ണതരംഗവും ഉയരുന്ന സാഹചര്യത്തിൽ, ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കി അവശ്യമരുന്നുകളുടെയും അവശ്യ ഉപകരണങ്ങളുടെയും ലഭ്യതക്കായി ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
ശനിയാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചകത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റേതാണ് നിർദേശം. സൂര്യാതപകേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനായി എല്ലാ ജില്ലകളിലും 'താപവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി' മാർഗനിർദേശരേഖ പ്രചരിപ്പിക്കണം. മാർച്ച് ഒന്നു മുതൽ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന് (ഐ.ഡി.എസ്.പി) കീഴിൽ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിൽ പ്രതിദിന നിരീക്ഷണം തുടങ്ങിയതായി കത്തിലുണ്ട്.
ഈ പ്രതിദിന നിരീക്ഷണ റിപ്പോർട്ടുകൾ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളുമായി (എൻ.സി.ഡി.സി) പങ്കിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ''കേന്ദ്ര കാലാവസ്ഥ വകുപ്പും എൻ.സി.ഡി.സിയും സംസ്ഥാനങ്ങളുമായി പങ്കിടുന്ന പ്രതിദിന താപ മുന്നറിയിപ്പുകൾ മൂന്നോ നാലോ ദിവസത്തേക്ക് ഉഷ്ണതരംഗ സാധ്യത പ്രവചിക്കുന്നു'' -ഭൂഷൺ കത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫിസർമാർ, ഹെൽത്ത് സ്റ്റാഫ്, താഴേത്തട്ടിലുള്ള തൊഴിലാളികൾ എന്നിവരുടെ ബോധവത്കരണ ശേഷി വർധിപ്പിക്കാനുള്ള ശ്രമം തുടരണമെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ മരുന്നുകൾ, ഐ.വി ദ്രാവകങ്ങൾ, ഐസ് പാക്കുകൾ, ഒ.ആർ.എസ്, അവശ്യ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യതക്കായി ആരോഗ്യ സൗകര്യങ്ങളുടെ തയാറെടുപ്പ് അവലോകനം ചെയ്യണം. എല്ലാ ആരോഗ്യ സൗകര്യങ്ങളിലും കുടിവെള്ള ലഭ്യതയും നിർണായക സ്ഥലങ്ങളിൽ ശീതീകരണ ഉപകരണങ്ങളുടെ പ്രവർത്തനവും ഉറപ്പാക്കണം. ശീതീകരണ ഉപകരണങ്ങളുടെ സ്ഥിരമായ പ്രവർത്തനത്തിന് തടസ്സമില്ലാത്ത വൈദ്യുതി, സോളാർ പാനലുകൾ സ്ഥാപിക്കൽ, കൂൾ/ഗ്രീൻ റൂഫ്, ജനൽ ഷേഡുകൾ എന്നിവയിലൂടെ അകത്ത് ചൂട് കുറക്കാനുള്ള നടപടി വേണം. മഴവെള്ള സംഭരണവും പുനരുൽപാദിപ്പിക്കുന്ന പ്ലാന്റുകളും ജല സ്വയംപര്യാപ്തതയ്ക്കായി പരിഗണിക്കാവുന്നതാണ് -കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.