ലാഭം കണ്ടും ഇൻഷുറൻസ് ലക്ഷ്യമിട്ടും ഗർഭാശയം നീക്കംചെയ്യൽ പെരുകി

പാലക്കാട്: അനിയന്ത്രിതമായ ഗർഭാശയം നീക്കംചെയ്യൽ ശസ്ത്രക്രിയകൾ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തിൽ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. മാനദണ്ഡമില്ലാതെ ഗർഭാശയം നീക്കംചെയ്യൽ തടയാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2023 ഏപ്രിലിൽ സംസ്ഥാനങ്ങൾക്കായി പുറത്തിറക്കിയ മാർഗരേഖ പാലിക്കാതായതോടെ ഡോ. നരേന്ദ്രഗുപ്ത എന്നയാൾ സുപ്രീംകോടതിയിലെത്തി. തുടർന്നാണ്, അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര മാർഗരേഖ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടത്. എന്നാൽ കേരളത്തിലടക്കം മാർഗരേഖ നടപ്പാക്കിയിട്ടില്ല.

സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവം നിർത്തൽ ശസ്ത്രക്രിയകൾ സംബന്ധിച്ച വിവരം ക്രോഡീകരിച്ചിട്ടില്ല, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തിയിട്ടില്ല, ജില്ല വിലയിരുത്തൽ സമിതികൾ രൂപവത്കരിച്ചില്ല തുടങ്ങിയ മറുപടികളാണ് ജില്ല ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും പൊതുജനാരോഗ്യ പ്രവർത്തകൻ അഡ്വ. എൽ.ആർ. സിനുവിന് വിവരാവകാശം വഴി ലഭിച്ചത്.

ഹിസ്റ്ററെക്ടമി

  • ക്രമരഹിതമായ രക്തസ്രാവം, ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയിഡ് വളര്‍ച്ച തുടങ്ങിയവക്ക് പരിഹാരമായാണ് ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്.
  • ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ തവണ ചെയ്യുന്ന രണ്ടാമത്തെ ശസ്ത്രക്രിയയാണ് ഹിസ്റ്ററെക്ടമി അഥവാ ഗർഭപാത്രം നീക്കം ചെയ്യൽ. ഗർഭഛിദ്ര ശസ്ത്ര​ക്രിയ (ഡി&സി) ആണ് ഒന്നാമത്. 

കേന്ദ്ര മാർഗരേഖയുടെ പശ്ചാത്തലം

  • ആശുപത്രികൾ ലാഭം മുന്നിൽ കണ്ടും ഗ്രാമീണ മേഖലകളിൽ പ്രധാനമന്ത്രി ഇൻഷുറൻസ് തുക ലക്ഷ്യമിട്ടും ഗർഭാശയം നീക്കംചെയ്യൽ വ്യാപകമാകുന്നതായി പരാതി ഉയർന്നു.
  • സാധാരണ ഗർഭപാത്രം നീക്കുന്നത് 40- 50 പ്രായമുള്ളവരിലാണ്. എന്നാൽ 35 വയസ്സില്‍ താഴെയുള്ളവര്‍ക്കിടയില്‍ ഇതിന​ുള്ള ശസ്ത്രക്രിയ വ്യാപകമായി.
  • സ്വകാര്യ ആരോഗ്യ മേഖലയിൽ ഇത് 2.3 ശതമാനം വർധിച്ചു. 

മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ

  • ശസ്ത്രക്രിയ നടത്തുന്നവരുടെ മുഴുവൻ ചികിത്സ രേഖ ഉൾപ്പെടെ ആറ് മാസത്തിലൊരിക്കൽ വിലയിരുത്തണം
  • ശസ്ത്രക്രിയ ചെയ്യാനിടയായ സാഹചര്യം അവലോകനം ചെയ്യണം
  • സ്വകാര്യ ആശുപത്രികളിൽനിന്നുൾപ്പെടെ ശസ്ത്രക്രിയ വിവരം ശേഖരിക്കണം
  • സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ഓഡിറ്റ് നടത്തണം
  • ദേശീയ, സംസ്ഥാന ജില്ല തലങ്ങളിൽ വിലയിരുത്തൽ യോഗം നടത്തണം

കേരളം രണ്ടാമത്

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ അഞ്ചുവർഷത്തിനിടെ ഔദ്യോഗികമായി ഏറ്റവും കൂടുതൽ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ നടന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. കഴിഞ്ഞ വർഷം 7,549 ശസ്ത്രക്രിയകൾ.

Tags:    
News Summary - Hysterectomy Proliferated for Profit and Insurance Gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.