പേവിഷബാധ: പ്രതിരോധമാകാം

പാലക്കാട്: അതീവ ഗൗരവത്തേടെ കാണേണ്ട രോഗമാണ് പേവിഷബാധ. രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പേവിഷബാധയുള്ള മൃഗങ്ങള്‍ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേൽക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കള്‍ മുഖേനയാണ്. വളര്‍ത്ത് മൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ് പോലുള്ള വന്യമൃഗങ്ങളില്‍നിന്നും പേവിഷബാധയുണ്ടാകാം.

ലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം.

മൃഗങ്ങള്‍ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്താല്‍ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകടസാധ്യത 90 ശതമാനം വരെ കുറയ്ക്കും.

സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം വേണമെങ്കില്‍ ബെറ്റാഡിന്‍/ഡെറ്റോള്‍/പൊവിഡോ അയഡിന്‍ എന്നിവ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. മറ്റു മരുന്നുകള്‍, പൗഡറുകള്‍, പേസ്റ്റ് എന്നിവയൊന്നും മുറിവില്‍ പുരട്ടരുത്.

എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക.

മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ എന്നിവ ഉണ്ടായി ദീര്‍ഘനാള്‍ കഴിഞ്ഞാലും ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടിക്കരുത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്തുനില്‍ക്കരുത്.

എങ്ങനെ പ്രതിരോധിക്കാം

വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പ് എടുക്കുക. നാടന്‍ നായ് ആയാലും വിദേശ ഇനം നായ് ആയാലും പ്രതിരോധ കുത്തിവെപ്പെടുക്കണം.

നായ്ക്കള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം.

മൃഗങ്ങളോട് കുരുതലോടെ ഇടപെടുക. ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്.

മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ രക്ഷിതാക്കളേയോ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക.

മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെപ്പ് എടുക്കുക.

പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം.

പേവിഷബാധക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദനയുള്ള 14 കുത്തിവെപ്പുകള്‍ക്ക് പകരം ലളിതവും വേദനാരഹിതവും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

ഈ തെറ്റിദ്ധാരണകള്‍ മാറ്റാം

മൃഗങ്ങള്‍ കടിച്ചാല്‍ മാത്രമേ പേവിഷബാധയുണ്ടാകൂ.

വളര്‍ത്തുനായ് കടിച്ചാല്‍ പേവിഷബാധയുണ്ടാകില്ല.

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ മാത്രം ചികിത്സ തേടിയാല്‍ മതി.

Tags:    
News Summary - Infestation and Immunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.