ഡോ. അബ്​ദുൾ ഷുക്കൂർ പി. ( ​ശ്രീസൗഖ്യ ആയുർവേദിക്​ സെൻറർ)

‘‘അത് ഉളുക്കിയതോ മറ്റോ ആവും’’ - ആ പറച്ചിലിൽ തന്നെ ഒരു ലാഘവം നമുക്ക് അനുഭവപ്പെടുന്നുണ്ട്. കയ്യോ കാലോ ഉളുക്കി എന്ന് കേൾക്കുമ്പോൾ നമ്മൾ ഭൂരിഭാഗവും അത് അത്ര ഗൗരവമായി കണക്കിലെടുക്കാറില്ല. അതേസമയം കയ്യോ കാലോ ഒടിഞ്ഞു എന്ന് കേട്ടാലോ?. പറഞ്ഞു വന്നത് എന്തെന്നാൽ എല്ലുകളിലും സന്ധികളിലുമൊക്കെ ഉണ്ടാകുന്ന ഒടിവ് പോലെ തന്നെ ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയാണ് ഉളുക്ക് എന്നുള്ളത്.

എന്താണ് ഉളുക്ക്:

ഒരു അസ്ഥിബന്ധത്തിന്, അതി​ന്റെ കഴിവി​ന്റെ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോൾ സംഭവിക്കുന്ന പരിക്ക് അഥവാ കീറലിനെയാണ് ഉളുക്ക് എന്ന് പറയുന്നത്.ഇത്തരത്തിൽ, അസ്ഥിബന്ധങ്ങളോ, പേശീസംയുക്തകോശങ്ങളോ കീറപ്പെടുമ്പോൾ, അവ ഇളക്കാനാകാത്തവിധം ഉറപ്പിക്കുകയോ, അല്ലെങ്കിൽ, ശസ്ത്രക്രിയ ആവശ്യമായി വരികയോ ചെയ്യാം.

ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ‘സ്പ്രെയിൻ’ (sprain) എന്നും 'പാർഷ്യൽ ലിഗമെന്റ് ടിയർ (partial ligament tear) എന്നുമൊക്കെ പറയുന്നു. തീവ്രതയനുസരിച്ച് ഇതിനെ മൂന്നു ഗ്രേഡുകളായി തിരിച്ചിരിക്കുന്നു.ഏതൊരു സന്ധിയിലും ഉളുക്ക് സംഭവിക്കാമെങ്കിലും, ഏറ്റവും അധികം ഉളുക്ക് കാണപ്പെടുന്നത് കണങ്കാലിലാണ്.

ഉളുക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ:

സന്ധികൾ അതിന്റെ കഴിവിന്റെ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോളാണ് ഉളുക്ക് ഉണ്ടാകാറുള്ളത്. ഇത് അസ്ഥിബന്ധത്തിൽ കീറലോ, വിള്ളലോ ഉണ്ടാവുന്നതിന് കാരണമാവുന്നു. കഠിനമായ വ്യായാമങ്ങൾ, കായികാഭ്യാസങ്ങൾ, വീഴ്ചകൾ, അഭിഘാതങ്ങൾ എന്നിവ ഉളുക്കിന് കാരണമാകുന്നു.

ലക്ഷണങ്ങൾ:

തീവ്രമായ വേദന, നീര്,ചതവ്,ഉളുക്കിയ സന്ധി ചലിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ട്,ചലിപ്പിക്കുമ്പോൾ വേദന കൂടുക,സന്ധി സ്വയമേവ അയഞ്ഞു പോകുന്നതായി തോന്നുക.

ഉളുക്കാൻ സാധ്യത കൂടുതലുള്ള സന്ധികൾ:

കണങ്കാൽ,കാൽമുട്ട്,കൈവിരൽ, കണങ്കൈ, കാൽവിരൽ,നട്ടെല്ല്. ഏതൊരു സന്ധിയിലും സംഭവിക്കാവുന്നതാണെങ്കിലും ഉളുക്ക് ഏറ്റവും അധികം കാണപ്പെടുന്നത് കണങ്കാലിലാണ്. അതുതന്നെ രണ്ട് തരത്തിൽ ഉണ്ടാകാറുണ്ട്. ഒന്ന്- സന്ധി ഉളളിലേക്ക് തിരിയുമ്പോഴും (ഇൻവേർഷൻ).രണ്ട്- പുറത്തേക്ക് തിരിയുമ്പോഴും (ഇവേർഷൻ). 90 % ഉളുക്കും രണ്ടാമത്തെ വിഭാഗത്തിലാണ് കാണപ്പെടുന്നത്.

അത് പോലെ കാൽമുട്ടിൽ ആണ് പിന്നെ കൂടുതൽ ഉളുക്ക് സംഭവിക്കാറ്​. - ഒരുപക്ഷേ ഏറ്റവും അധികം സംസാരവിഷയമാകുന്ന ഉളുക്ക് കാൽമുട്ടി​ന്റെ മുമ്പിലായുള്ള അസ്ഥിബന്ധത്തിലാണ് (anterior cruciate ligament). കായികാഭ്യാസികളിൽ, പ്രത്യേകിച്ച് ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ജൂഡോ തുടങ്ങിയ കായികവിഭാഗങ്ങളിലുള്ളവർക്ക് ഇത്തരം ഉളുക്ക് സംഭവിക്കുന്നത് സാധാരണമാണ്.

ഉളുക്ക് എങ്ങനെ തിരിച്ചറിയാം?

ഈ ചികിത്സാവിഭാഗത്തിൽ പ്രഗത്ഭരായവർക്ക് ലക്ഷണങ്ങൾ അറിഞ്ഞും ദേഹപരിശോധനയിലൂടെയും ആണ് ഉളുക്ക് നിർണയിക്കുന്നത്. എല്ലൊടിവ് പോലെയുള്ള സംശയങ്ങൾ ഒഴിവാക്കുന്നതിനായി എക്സ് -റേ, എം.ആർ.ഐ എന്നിവ പ്രയോജനപ്പെടുത്താറുമുണ്ട്.

അപകടസാദ്ധ്യതകൾ:ഉളുക്കി​െൻറ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. പേശികളുടെ തളർച്ച ഉളുക്കിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.ഉദാസീനമായ ജീവിത‌ശൈലി നയിക്കുന്ന ഒരാൾ പെട്ടെന്ന് കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ ആരംഭിക്കുമ്പോൾ ഉളുക്കുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്.കായികാഭ്യാസങ്ങൾക്കു മുൻപ് ലളിതമായ വ്യായാമങ്ങൾ ചെയ്യതിരിക്കുന്നത്, കായികതാരങ്ങൾക്ക് ഉളുക്ക് സംഭവിക്കുന്നതിനുള്ള ഒരു കാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ, ലഘുവ്യായാമങ്ങൾ സന്ധികളിൽ രക്തപ്രവാഹം വർദ്ധിപ്പിച്ച് അവയ്ക്ക് അയവു വരുത്തുകയും, ഉളുക്ക് സംഭവിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

ഉളുക്കിന്റെ സങ്കീർണ്ണതകൾ:

സന്ധിമോക്ഷം (dislocation),സമീപത്തുള്ള രക്തക്കുഴലുകൾക്കുണ്ടാകുന്ന ക്ഷതം,പൂർണ്ണമായും സ്നായുവിന് പൊട്ടൽ (tendon rupture- ), പൂർണ്ണമായും പൊട്ടൽ സംഭവിച്ചാൽ അസ്ഥിഭംഗത്തേക്കാൾ പ്രയാസമാണ്. ഇതിന് പലപ്പോഴും ശസ്ത്രക്രിയ ആവശ്യം വരും. ശേഷം കൃത്യമായ റീഹാബിലേഷനും ചെയ്യേണ്ടതാണ്.

ചികിത്സാവിധികൾ :

ഉളുക്ക് സംഭവിച്ച ശരീരഭാഗത്തെ ആശ്രയിച്ച് ചികിത്സയിൽ വ്യത്യാസം ഉണ്ടാകാം. എങ്കിലും പ്രാഥമിക ശുശ്രൂഷ എന്ന നിലയിൽ വളരെ ഫലപ്രദമായ ഒന്നാണ് 'PRICE' പ്രോട്ടോക്കോൾ.

Protection (സംരക്ഷണം): ഉളുക്ക് ഉണ്ടായ ഭാഗത്തെ സംരക്ഷിക്കുക. കൂടുതൽ ക്ഷതമേൽക്കാതെ ശ്രദ്ധിക്കുക. Rest (വിശ്രമം): ഉളുക്ക് സംഭവിച്ചാൽ വിശ്രമം അത്യന്താപേക്ഷിതമാണ്. ഉളുക്കിയ ഭാഗത്ത് യതൊരുവിധ ബലപ്രയോഗവും പാടില്ല. ഉദാഹരണത്തിന് കണങ്കാലിൽ ഉളുക്ക് സംഭവിച്ചാൽ നടപ്പ് പരമാവധി കുറയ്ക്കണം.

Ice (ശീതപ്രയോഗം): ഐസ് കഷണം ഒരു തുണിയിൽ പൊതിഞ്ഞ് ഉളുക്ക് ബാധിച്ച ഭാഗത്ത് കുറച്ചു നേരം വയ്ക്കുക. വീക്കവും വേദനയും കുറയ്ക്കാൻ ഇത് സഹായകമാകും. ഇത് ഒരു ദിവസം 3-4 തവണ 20-30 മിനിറ്റ് നേരത്തെക്ക് ചെയ്യാം. തുടർച്ചയായി വയ്ക്കുന്നത് ഒഴിവാക്കുക.

Compression (ബന്ധനം): സന്ധിയുടെ ചലനം ഒഴിവാക്കുന്നതിനും സന്ധിസ്ഥൈര്യം ഉണ്ടാകുന്നതിനും ഇത് സഹായകമാകും. ബാൻഡേജ് ചെയ്യുമ്പോൾ ഒരുപാട് ഇറുകാതിരിക്കാനും ഒരുപാട് അയഞ്ഞു പോകാതെയും ശ്രദ്ധിക്കേണ്ടതാണ്.

Elevation (ഉയർത്തി വയ്ക്കുക): ഉളുക്ക് സംഭവിച്ച ഭാഗം ഹൃദയത്തി​ന്റെ നിരപ്പിൽ നിന്നും ഉയർത്തിനിർത്തുന്നത് വീക്കം കുറയ്ക്കുന്നതിനും രക്തയോട്ടം നിയന്ത്രിക്കാനും സഹായകമാകും.ഈ നടപടിക്രമം വീക്കത്തെയും വേദനയെയും പൂർണ്ണമായും സുഖപ്പെടുത്തില്ലെങ്കിലും, ഇവയുടെ തീവ്രത കുറയ്ക്കുന്നതുവഴി ഉളുക്ക് വേഗം സ്വയം ഭേദമാവാൻ സഹായിക്കും. വീക്കം കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ, അത് ഉളുക്കപ്പെട്ട ഭാഗത്ത് കൂടുതൽ സ്രവങ്ങൾ ശേഖരിക്കപ്പെടാൻ ഇടയാക്കും. അത് കൊണ്ട് ഈ നടപടിക്രമം ചെയ്തതിനു ശേഷം ഉടൻ തന്നെ അടുത്തുള്ള ഒരു ആയുർവേദ ഡോക്ടറിനെ സമീപിക്കുക.

ഉളുക്ക് സംഭവിച്ച അവയവഭാഗം സുഖപ്പെട്ടാൽ, അധികം വൈകാതെ തന്നെ ലഘുവ്യായാമങ്ങൾ ആരംഭിക്കണം. ചെറിയ ഉളുക്കലുക്കളിൽ ഇത്, 1-3 ദിവസങ്ങൾക്കു ശേഷം ചെയ്യാം. ചില സന്ദർഭങ്ങളിൽ, ഉളുക്കിയ ഭാഗം പൂർണ്ണമായും സുഖപ്പെടുത്തുന്നതിനായി പ്രത്യേകം വ്യായാമങ്ങൾ വേണ്ടിവരാറുണ്ട്. ഉളുക്ക് ഭേദമായതിനു ശേഷവും കുറച്ചുദിവസത്തേക്ക് ആ ഭാഗത്ത് ബാൻഡേജ് തുടരുന്നത് വീണ്ടും ഉളുക്കൽ ഉണ്ടാകുന്നത് ഒഴിവാക്കൻ സഹായിക്കും.

പ്രഥമഘട്ടത്തിൽ ഒഴിവാക്കേണ്ടതെന്തെല്ലാം: ഉളുക്ക് സംഭവിച്ച ഭാഗത്ത് പുറമേ നിന്നുള്ള സമ്മർദ്ദം ഒഴിവാക്കുക. അമിതമായി ചലിപ്പിക്കാതിരിക്കുക, താഴേക്ക് തൂക്കിയിടാതെയിരിക്കുക,എണ്ണയിട്ട് തടവാതിരിക്കുക, ചൂട് വയ്ക്കാതിരിക്കുക, തിരുമ്മാതിരിക്കുക,ഉളുക്ക് പറ്റിയ ഭാഗത്ത് നീലനിറത്തിൽ വീക്കം കാണപ്പെട്ടാൽ, അതിൽ നിന്നും മനസ്സിലാക്കേണ്ടതെന്തെന്നാൽ രക്തക്കുഴലുകൾക്ക് ക്ഷതം ഉണ്ടായി അവയിൽ നിന്നുളള രക്തം മറ്റു കോശങ്ങളിലേക്ക് പ്രവേശിക്കുന്നു എന്നതാണ്. ഇത് അപകടകരമായ അവസ്ഥയായതിനാൽ നിർബന്ധമായും മേൽപ്പറഞ്ഞവ ശ്രദ്ധിക്കേണ്ടതാണ്.

ആയുർവേദ കാഴ്ചപ്പാട്: ആയുർവേദ ശാസ്ത്രത്തിൽ ഈ അവസ്ഥയിൽ രോഗിയുടെ അവസ്ഥക്ക് അനുസരിച്ചു മരുന്നുകൾ അകത്തേക്കും പുറത്തേക്കും നിർദ്ദേശിക്കുന്നുണ്ട്. പൊതുവായി ധാര , മരുന്ന് പുരട്ടൽ, മരുന്ന് കെട്ടൽ(ബാൻഡേജ്) എന്നീ ശീത പ്രയോഗങ്ങളും, ഉഷ്ണപ്രയോഗം പഴുപ്പ് ഉണ്ടാക്കാനുള്ള സാധ്യതയെ വിശദീകരിച്ചുകൊണ്ട് തന്നെ അവ ഒഴിവാക്കാനുളള ഉപദേശം നൽകുന്നുണ്ടെങ്കിലും, ഉളുക്കി​ന്റെ ഘട്ടമനുസരിച്ച് എണ്ണ മുതലായവ ഉപയോഗിക്കൽ, വിയർപ്പിക്കൽ,കിഴി വെച്ച് കൊടുക്കലും നിർദ്ദേശിക്കുന്നുണ്ട്.

ശീലിക്കേണ്ടവയും ഒഴിവാക്കേണ്ടവയും: സന്ധി യോജിക്കാൻ സഹായിക്കുന്ന വിധത്തിലുള്ളവയും പുഷ്ടികരങ്ങളും മധുരരസപ്രധാനമുളളതുമായ ഭക്ഷണങ്ങൾ, പാൽ, നെയ്യ്, മാംസരസം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഉപ്പ്, എരിവ്, പുളി, രൂക്ഷമായ ഭക്ഷണങ്ങൾ മുതലായവ ഒഴിവാക്കേണ്ടതാണ്. വേദന വർദ്ധിക്കുവാനും പഴുപ്പ് ഉണ്ടാവാനും സന്ധി പൂർവസ്ഥിതിയിൽ ആകുന്നത് വൈകുവാനും ഈ രസങ്ങൾ കാരണമായേക്കാം.

ചികിത്സയ്ക്ക് ശേഷം രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:രോഗിക്ക് ക്ഷീണമുണ്ടാകാതിരിക്കാൻ ശരീരപോഷണത്തിനുതകുന്ന അന്നപാനങ്ങൾ നൽകണം. സന്ധികളെ ദൃഢപ്പെടുത്തുന്നതിനും സ്നായുവിനെ ബലപ്പെടുത്തുന്നതിനും വിവിധ തരത്തിലുള്ള ബൃംഹണചികിത്സകൾ (പുഷ്ടിപ്പെടുത്തുന്നതും ബലപ്പെടുത്തുന്നതും ആയവ) തുടരേണ്ടതായുണ്ട്.

ഏതൊരു ഉളുക്കിനു ശേഷവും ശരിയായ രീതിയിലുള്ള പുനരധിവാസം(റീഹാബിലിറ്റേഷൻ) ആവശ്യമാണ്, ഗുരുതരമായ ഉളുക്കാണെങ്കിൽ പ്രത്യേകിച്ചും. സൂക്ഷ്മമായ ചികിത്സയ്ക്കു ശേഷം വേഗമുള്ള സുഖപ്പെടലിനു പുനരധിവാസ പരിപാടികൾ നിർണ്ണായകമാണ്. ശരിയായ പുനരധിവാസ പരിപാടികളുടെ അഭാവം ഉളുക്കിയ അവയവഭാഗത്തിന്റെ സ്വാഭാവിക ചലനത്തിലേക്കുള്ള തിരിച്ചുവരവ് മാസങ്ങളോളം വൈകുന്നതിന് കാരണമായേക്കാം.

കെട്ടിവെയ്ക്കുന്നത് തുടരുന്നത് ചലനം നിയന്ത്രിക്കാനും സന്ധിക്ക് ആശ്രയം നൽകുന്നതിനും സഹായകമാകും. മൃദുവായ സ്ട്രെച്ചിംഗ് (stretching) വ്യായാമങ്ങളും ചെയ്യാവുന്നതാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഉളുക്ക് സംഭവിച്ച സന്ധിയെ ഘടനയിലും പ്രവർത്തനത്തിലും, അതിൻറെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും.

ഉളുക്ക് എന്നത് ദൈനംദിന ജീവിതത്തിൽ വളരെ സാധാരണമായി സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ്. സമയോചിതമായ വൈദ്യസഹായത്താൽ ഭേദപ്പെടുത്താൻ കഴിയുന്ന ഈ അവസ്ഥയെ, തെറ്റായ ചെയ്തികളിലൂടെ സങ്കീർണ്ണതകളിലേക്ക് നയിക്കാനും അധികം സമയം വേണ്ട. അതുകൊണ്ട് തന്നെ ഇത് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അവശ്യമാണ്. ഉളുക്കി​ന്റെ സ്വഭാവം, രോഗിയുടെ അവസ്ഥ, മരുന്നിന്റെ വീര്യം ഇവയൊക്കെ കണക്കിലെടുത്ത് ചികിത്സാ ചെയ്യേണ്ടാതായതിനാൽ അടുത്തുള്ള ഒരു ആയുർവേദ മർമ്മ സ്പെഷ്യലിസ്ററ് ഡോക്ടറിനെ സമീപിക്കുക.


ബന്ധപ്പെടുക (CONTACT) : ഡോ. അബ്​ദുൾ ഷുക്കൂർ പി. ( ​ശ്രീസൗഖ്യ ആയുർവേദിക്​ സെൻറർ)

 

Tags:    
News Summary - Is sprain that simple?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.