കാസർകോട്: സമ്പൂർണ എയ്ഡ്സ് മുക്തമാവാതെ കാസർകോട് ജില്ല. ജില്ലയിൽ 42പേരിൽ ഇപ്പോഴും രോഗമുണ്ട്. ഏപ്രിൽ 2022 മുതൽ മാർച്ച് 2023 വരെയുള്ള കാലയളവിൽ ജില്ലയിൽ 34697 പേർ എച്ച്.ഐ.വി. ടെസ്റ്റിന് വിധേയരാവുകയും അതിൽ 42 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തു. 2023 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ജില്ലയിൽ 15029 പേർ എച്ച്.ഐ.വി ടെസ്റ്റിന് വിധേയരാവുകയും അതിൽ 18 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തു.
എച്ച്.ഐ.വി പോസിറ്റിവ് ആയ മുഴുവൻ ആളുകൾക്കും കൃത്യമായ കൗൺസലിങ്ങിനുശേഷം എ.ആർ.ടി ചികിത്സ ആരംഭിച്ചിട്ടുണ്ട്. 1988 മുതൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരുന്നു. എച്ച്.ഐ.വി. അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം ഡിസംബർ ഒന്നിന് രാവിലെ 9 .30 ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കും. ‘സമൂഹങ്ങൾ നയിക്കട്ടെ’ എന്നാണ് ഈ വർഷത്തെ എയ്ഡ്സ് ദിനാചരണ സന്ദേശം.
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജനറൽ ആശുപത്രി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന എച്ച്.ഐ.വി. ചികിത്സാ കേന്ദ്രമായ ‘ഉഷസി’ൽ നിലവിൽ 464 സ്ത്രീകളും 451 പുരുഷന്മാരും അടക്കം 915 പേർക്ക് ചികിത്സ നൽകുന്നുണ്ട് . 2023ൽ 41 പുതിയ എച്ച്.ഐ.വി. പോസിറ്റിവ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എച്ച്.ഐ.വി. ടെസ്റ്റിനും കൗൺസിലിങ്ങിനുമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആറ് ഐ.സി.ടി.സി കേന്ദ്രങ്ങളും 32 എഫ്.ഐ.സി.ടി.സി. കേന്ദ്രങ്ങളുമുണ്ട്.
എച്ച്.ഐ.വി പരിശോധനയും കൗൺസിലിങ്ങും സൗജന്യമായി നൽകുകയും പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ലൈംഗിക രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള ‘പുലരി’ ചികിത്സാകേന്ദ്രം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലുണ്ട്. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ 1603 പേർ പുലരി ക്ലിനിക്കിൽ എത്തുകയും അതിൽ 270 ആളുകളിൽ ലൈംഗിക രോഗങ്ങൾ കണ്ടെത്തുകയും 21 പേർക്ക് സിഫിലിസ് രോഗത്തിന് ചികിത്സ നൽകുകയും ചെയ്തിട്ടുണ്ട്.
എച്ച്.ഐ.വി അണുബാധ സാധ്യത കൂടുതലുള്ള ലക്ഷ്യവിഭാഗങ്ങൾക്കിടയിൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ച് സുരക്ഷാ പ്രോജക്ടുകൾ ജില്ലയിൽ പ്രവർത്തിക്കുന്നു. എച്ച്.ഐ.വി അണുബാധിതർക്ക് ആവശ്യമായ തുടർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ തന്നെ കൂട്ടായ്മയായ ‘വിഹാൻ കെയർ സപ്പോർട്ട്’ സെന്ററിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും ജില്ലയിലുണ്ട്.
ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ എച്ച്.ഐ.വി ബാധിതർക്കായി പോഷകാഹാര വിതരണ പദ്ധതി, സർക്കാർ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി ,സൗജന്യ ചികിത്സയും പരിശോധനകളും, സൗജന്യ പാപ്സ്മിയർ (ഗർഭാശയ കാൻസർ) പരിശോധന, ‘സ്നേഹപൂർവ്വം’ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി എന്നിവയും ജില്ലയിൽ നടപ്പാക്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.