കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ രോഗികളുടെ സുഖവിവരങ്ങള്‍ തിരക്കാന്‍ മന്ത്രിയെത്തി. രോഗക്കിടക്കയില്‍ മന്ത്രിയെ കണ്ടപ്പോള്‍ രോഗികള്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് തങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ മന്ത്രിയോട് വിവരിച്ചു. ആദ്യം കാഷ്വാലിറ്റി സന്ദര്‍ശിച്ച മന്ത്രി അവിടെ ഉണ്ടായിരുന്ന രോഗികളെ കണ്ട് നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞു. മന്ത്രിയെ കാണാനും പരാതികള്‍ അറിയിക്കാനും നിരവധിയാളുകളാണ് കാത്തുനിന്നത്.
പുരുഷ - സ്ത്രീ വാര്‍ഡുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ വിവരങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ജില്ല ആശുപത്രിയില്‍ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറപ്പി യൂനിറ്റ് താഴേക്ക് മാറ്റി വിപുലീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ആശുപത്രിയിലെ സ്ഥലപരിമിതികളും ജീവനക്കാരുടെ കുറവും മന്ത്രിയെ അറിയിച്ചു. അത്യാഹിത വിഭാഗത്തെ പൂര്‍ണ സജ്ജമാക്കാനുള്ള നിര്‍ദേശവും മന്ത്രി നൽകി. രോഗികൾക്ക് പുറമെ നഴ്സിങ് വിദ്യാര്‍ഥികളും തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചു.
കാര്‍ഡിയോളജിസ്റ്റ് തസ്തിക ഉൾപ്പെടെ സൂപ്പര്‍ സ്പെഷാലിറ്റിയിലെ ഒഴിവുകള്‍ നികത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മസ്തിഷ്ക ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ഇ. ചന്ദ്രശേഖരന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ. റീന, ഡി.എം.ഒ ഡോ.എ.വി. രാംദാസ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രാമന് സ്വാതിരാമന്, ആര്.എം.ഒ ഡോ. ഷഹര്‍ബാന, എച്ച്.എം.സി അംഗങ്ങളായ കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, രതീഷ് പുതിയപുരയില്‍, ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
കാഞ്ഞങ്ങാട്: അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് തോയമ്മലിലെ പി. മുഹമ്മദ് റിസ്വാന് കേള്‍വി ശക്തി നഷ്ടമായത്. കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്തി കേള്‍വി തിരിച്ചുകിട്ടി. വര്‍ഷങ്ങളോളം കൂട്ടായിരുന്ന ശ്രവണസഹായി പണിമുടക്കിയതോടെ റിസ്വാന് കേള്‍വിശക്തി ഇല്ലാതായി.
എട്ടുലക്ഷം ചെലവിട്ട് മകനെ രക്ഷിക്കാന്‍ കര്‍ഷകനായ പിതാവ് അസീസിന് സാമ്പത്തികശേഷിയുമില്ല. ജില്ല ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയ ആരോഗ്യ വകുപ്പ് മന്ത്രിയോട് കുടുംബം കാര്യങ്ങള്‍ പറഞ്ഞു. വൈകാതെ പുതിയത് ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.