കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപിക്കുന്നു. മുൻ വർഷത്തേക്കാൾ രോഗികളുടെ എണ്ണം വർധിച്ചെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം ഇതുവരെ 998 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍ പനിയും ബാധിച്ച് 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചക്കിടെ 50,000ഓളം പേർ പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി.
പത്തുമാസത്തിനിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത് 32,453 പേരാണ്. 11,804 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 41 മരണം ഡെങ്കി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 105 പേരുടെ മരണം ഡെങ്കി ലക്ഷണങ്ങളോടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ആശുപത്രികളില്‍ എത്തുന്ന മിക്ക രോഗികള്‍ക്കും ഡെങ്കി ലക്ഷണങ്ങളുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. മുന്‍വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ വലിയ തോതില്‍ ഇത്തവണ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഡെങ്കിയുടെ തീവ്രവ്യാപനം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. എന്നാൽ, മുന്‍കരുതല്‍ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. തുലാവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ നീണ്ട ക്യൂവാണ്. കൊതുക് നശീകരണമടക്കം പ്രതിരോധ നടപടികൾ കാര്യക്ഷമമായി നടക്കാത്തതും രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായിട്ടുണ്ട്. ഡെങ്കിക്ക് പുറമെ എലിപ്പനിയും വൈറല്‍പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയുമുണ്ട്.
1661 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 66 മരണവും സംസ്ഥാനത്ത് എലിപ്പനി ബാധിച്ചുണ്ടായി. ഈ വര്‍ഷം ഇതുവരെ 23,43,886 പേരാണ് സാധാരണ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.