ദോഹ: അർബുദ ബാധിതർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെന്റർ (എൻ.സി.സി.സി.ആർ) രംഗത്ത്. അർബുദ ചികിത്സയുടെ ഭാഗമായി കീമോതെറപ്പി കാലത്ത് മുടികൊഴിഞ്ഞ് മാനസിക പ്രയാസത്തിൽകൂടി അകപ്പെടുന്ന രോഗികൾക്ക് സന്തോഷം നൽകുന്ന പാക്സ്മാൻ സ്കാപ്പൽ കൂളിങ് ടെക്നോളജിയാണ് എൻ.സി.സി.സി.ആർ അവതരിപ്പിക്കുന്നത്.
രോഗികൾക്ക് ജീവിതനിലവാരവും മാനസികോല്ലാസവും വളർത്താനും ആരോഗ്യനില മെച്ചപ്പെടുത്താനും വഴിയൊരുക്കുന്നതാണ് ഈ നൂതന സംവിധാനം. കാൻസർ പരിചരണത്തിലെ പ്രധാന വഴിത്തിരിവായാണ് പാക്സ്മാൻ സ്കാൽപ് കൂളിങ് ടെക്നോളജിയെ വിശേഷിപ്പിക്കുന്നത്.
രോഗികൾ ഏറെ പ്രയാസപ്പെടുന്ന സമയങ്ങളിൽ രോഗികളിൽ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും ഉത്തേജനം നൽകാൻ സഹായിക്കുന്ന സാങ്കേതികവിദ്യ, ഖത്തറിലെ ജനങ്ങൾക്ക് സാധ്യമാകുന്നതിൽ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എൻ.സി.സി.സി.ആറിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ്.
രോഗികളുടെ ശാരീരികക്ഷേമത്തിന് മുൻഗണന നൽകുന്നതോടൊപ്പം അവരുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങൾ പരിഹരിക്കാനും എൻ.സി.സി.സി.ആർ പ്രതിജ്ഞാബദ്ധമാണെന്നും ഒരു മുൻനിര കാൻസർ ചികിത്സ കേന്ദ്രമെന്ന നിലയിൽ അത്യാധുനിക ചികിത്സ സംവിധാനങ്ങളിൽ ഇത് വളരെ വിലപ്പെട്ടതാണെന്നും കേന്ദ്രത്തിലെ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് സാലിം അൽ ഹസൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള 60ലധികം രാജ്യങ്ങളിൽ പതിനായിരക്കണക്കിന് കാൻസർ രോഗികളിൽ കീമോതെറപ്പി സമയങ്ങളിൽ മുടി കൊഴിയുന്നത് തടയുന്നതിനും അവ നിലനിർത്തുന്നതിനും സഹായിക്കുന്നതും ക്ലിനിക്കലി തെളിയിക്കപ്പെട്ടതുമായ തലയോട്ടി തണുപ്പിക്കുന്ന സംവിധാനമാണ് പാക്സ്മാൻ സ്കാൽപ് കൂളിങ് ടെക്നോളജി.
തലയോട്ടിയിലെ താപനില കുറക്കുന്നതിലൂടെയാണ് പാക്സ്മാൻ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇത് രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം കുറക്കുന്നു. ഈ പ്രക്രിയ മൂലം കീമോതെറപ്പി മരുന്നുകൾ രോമകൂപങ്ങളിലെത്തുന്നത് തടയുന്നതോടെ മുടികൊഴിച്ചിൽ കുറക്കുകയും ചെയ്യുന്നു. ക്ലിനിക്കൽ പരിശോധനകളിൽ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണെന്ന് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നു.
സെഡീർ മെഡിക്കൽ സ്പോൺസർഷിപ്പോടെ ഈ ഉപകരണം ഇപ്പോൾ എൻ.സി.സി.സി.ആറിലെ ഡേ കെയർ യൂനിറ്റിൽ ലഭ്യമാണെന്നും രോഗികൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും മെഡിക്കൽ ഓങ്കോളജി ആൻഡ് പാലിയേറ്റിവ് കെയർ മെഡിസിൻ ചെയറും സ്തനാർബുദം ക്ലിനിക്കൽ ലീഡുമായ ഡോ. സൽഹാ ബൂജസ്സൂം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.