തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണം (എം.എം.ആർ) കേരളത്തിലെന്ന് റിപ്പോർട്ട്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 വർഷത്തെ കണക്കിലാണിതുള്ളത്. ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ് മാതൃമരണ അനുപാതം. 2017- 2019ൽ സംസ്ഥാനത്തെ അനുപാതം വെറും 30 ആണ്. 2015-17ൽ 43 ആയിരുന്നു. ദേശീയ അനുപാതം 103 ആണ്.
അസം (205), ഉത്തർപ്രദേശ് (167), മധ്യപ്രദേശ് (163), ഛത്തിസ്‌ഗഢ് (130), രാജസ്ഥാൻ (141), ഒഡിഷ (136), ബിഹാർ (130), ഉത്തരാഖണ്ഡ് (101) തുടങ്ങി പത്ത് സംസ്ഥാനങ്ങൾ ദേശീയ ശരാശരിക്കും മുകളിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മരണം കർണാടകയിലാണ്(83). തൊട്ടുതാഴെ തമിഴ്നാടും ആന്ധ്രാപ്രദേശുമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും 58 ആണ്. ആഗോളതലത്തിൽ അനുപാതം ഏഴ് ആക്കുകയാണ് യു.എന്നിന്‍റെ ലക്ഷ്യം. കേരളത്തിലെ മാതൃമരണ നിരക്ക് വെറും 1.4 ശതമാനമാണ്.
15നും 49നും ഇടയിൽ പ്രായമുള്ള ലക്ഷം അമ്മമാരിൽ റിപ്പോർട്ട് ചെയ്യുന്ന മരണനിരക്കാണ് മാതൃമരണ നിരക്ക്. ദേശീയതലത്തിൽ 2014-16ൽ 8.8 ആയിരുന്നു. അത് 2017-19ൽ 6.5 ആയി കുറഞ്ഞു. കോവിഡ് വ്യാപന വർഷങ്ങളായിരുന്ന 2020ലും 2021ലും അപ്പോഴും ഗർഭിണികൾക്ക് കൂടുതൽ ശ്രദ്ധയും ആരോഗ്യപരിചരണവും ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. പ്രസവസമയത്തെ രക്തസ്രാവമാണ് മാതൃമരണങ്ങളുടെ പ്രധാനകാരണം.
കൂടാതെ ഗർഭധാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയും ഹൈപ്പര്‍ടെന്‍ഷന്‍, സെപ്‌സിസ്, ഹൃദ്രോഗം തുടങ്ങിയവയും മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളാണ്. ശിശുമരണനിരക്കിലും കേരളം മാതൃകയാണ്. അത് പൂജ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. കേരളത്തിലെ ശിശുമരണ നിരക്ക് ഇപ്പോൾ ആറ് ആണ്. ആയിരം ജനനത്തിന് ആറ് ശിശുമരണങ്ങളാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.