കാസർകോട്: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വിരമിച്ചവർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആനുകൂല്യം ജില്ലയിൽ ഏഴ് ആശുപത്രികളിൽ ലഭ്യമാവും. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംസ്ഥാനത്ത് മെഡിസെപ് ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
കാസർകോട് അരമന ഹോസ്പിറ്റൽ, കാഞ്ഞങ്ങാട് സിറ്റി ഇൻസിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കെ.എ.എച്ച്.എം ചെറുവത്തൂർ, കാസർകോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കാസർകോട്, മാലിക് ദീനാർ ഹോസ്പിറ്റൽ തളങ്കര, കുമ്പള സഹകരണ ആശുപത്രി, ഷഹിരേഖ മൾട്ടി സ്പെഷാലിറ്റി ആശുപത്രി കാഞ്ഞങ്ങാട് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചത്. നേരത്തേ നീലേശ്വരത്തെ സഹകരണ ആശുപത്രിയും കാഞ്ഞങ്ങാട്ടെ കണ്ണാശുപത്രിയുമാണ് മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പുതിയ പട്ടികയിൽ ഇത് രണ്ടും ഉൾപ്പെട്ടിട്ടില്ലെന്നതാണ് കൗതുകകരം.
ഏഴ് ആശുപത്രികൾ പട്ടികയിൽ ഉണ്ടെങ്കിലും വിദഗ്ധ ചികിൽസക്ക് ജില്ലയിലുള്ളവർ പലപ്പോഴും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. സംസ്ഥാനത്തിനുപുറത്തുള്ള ആശുപത്രികളിലും മെഡിസെപ് ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്.
മംഗളൂരു ദേർളകട്ടെയിലെ കെ.എസ്. ഹെഗ്ഡെ ആശുപത്രിയാണ് പട്ടികയിൽ ഇടംപിടിച്ച ഏക ആശുപത്രി. സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ ഏറെയുണ്ടായിട്ടും മംഗളൂരുവിലെ ഒരെണ്ണമാണ് പട്ടികയിൽ വന്നത്. കോയമ്പത്തൂരിലെ മൂന്നും സേലത്തെ രണ്ടും ആശുപത്രികൾ പട്ടികയിൽ ഉണ്ട്.
ഈ മാസം ഒന്നിന് മെഡിസെപ് പ്രാബല്യത്തിൽ വരുമ്പോൾ ജില്ലയിൽ എത്ര ആശുപത്രികളിൽ ഇൻഷുറൻസ് സൗകര്യം ലഭിക്കുമെന്നായിരുന്നു ജീവനക്കാർ കാത്തിരുന്നത്.
ഏഴ് ആശുപത്രികൾ ഉണ്ടെങ്കിലും ജില്ലയുടെ ചികിത്സരംഗത്തെ പരിമിതികൾ അറിയാവുന്നതിനാൽ ജീവനക്കാരും പെൻഷൻകാരും അസംതൃപ്തരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.