തൊടുപുഴ: സംസ്ഥാനത്ത് ആന്റിബയോട്ടിക് ദുരുപയോഗം അപകടകരമാം വിധം വർധിക്കുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ഗണ്യമായി കുറയാൻ ഇടയാക്കുന്നതായും ഗുരുതര രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതായുമാണ് കണ്ടെത്തൽ. നിസ്സാര രോഗങ്ങൾക്ക് വ്യാപകമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതും അവരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം വിൽക്കേണ്ടതുമായ ആന്റിബയോട്ടിക്കുകൾ സംസ്ഥാനത്ത് വൻതോതിൽ വിറ്റഴിക്കപ്പെടുകയാണ്. കോവിഡ് കാലത്ത് ഡോക്ടർമാരെ നേരിട്ട് കാണുന്നതിനുള്ള ബുദ്ധിമുട്ടുകൾ മൂലം പല രോഗങ്ങൾക്കും ആളുകൾ സ്വന്തം നിലക്ക് മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ആന്റിബയോട്ടിക്കുകൾ നേരിട്ട് വാങ്ങി ഉപയോഗിച്ചിരുന്നു. എന്നാൽ, കോവിഡ് മാറിയതിന് ശേഷവും ഈ പ്രവണത നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഐ.എം.എ ഇതേക്കുറിച്ച് പഠനം നടത്തിയത്. സംസ്ഥാനത്ത് ആന്റിബയോട്ടിക് ഉപയോഗം അടുത്തിടെ 40 ശതമാനത്തോളം വർധിച്ചതായും ഇതിൽ ഭൂരിഭാഗവും ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നതാണെന്നുമാണ് കണ്ടെത്തൽ.
മെഡിക്കൽ സ്റ്റോറിലെത്തി പേര് പറഞ്ഞാൽ ഏത് ആന്റിബയോട്ടിക്കും കിട്ടുന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിഷയം ചർച്ച ചെയ്യാൻ രണ്ടുമാസം മുമ്പ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ആന്റിബയോട്ടിക്കുകൾ അനാവശ്യമായി ഉപയോഗിക്കുമ്പോൾ രോഗാണുക്കൾ അവയെ പ്രതിരോധിക്കാൻ ശക്തിനേടുകയും പിന്നീട് അനിവാര്യമായ ഘട്ടത്തിൽ പോലും ആന്റിബയോട്ടിക് ചികിത്സ ഫലിക്കാതെ വരുകയും ചെയ്യുന്നു. അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ, അമോക്സിക്ലാവ്, അമോക്സിലിൻ, നോർഫ്ലോക്സാസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും ദുരുപയോഗം ചെയ്യപ്പെടുന്നത്. അമിത ഉപയോഗം മൂലം ആന്റിബയോട്ടിക്കുകൾ ഫലിക്കാതെവരുന്ന അവസ്ഥ വർധിക്കുന്ന സാഹചര്യത്തിൽ 2018 ജനുവരിയിൽ സംസ്ഥാന ആന്റിബയോട്ടിക് നയം നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അഞ്ച് വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല.
എല്ലാ ആന്റിബയോട്ടിക്കുകളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇത് മൂലം അസിത്രോമൈസിൻ അടക്കമുള്ളവ പോലും ഫലിക്കാതെ വരുന്നു. നമുക്കാവശ്യമുള്ളതിനേക്കാൾ കൂടുതൽ മരുന്നാണ് വിറ്റഴിക്കുന്നത്. ചെറിയ രോഗങ്ങൾക്ക് പോലും ആന്റിബയോട്ടിക് കഴിക്കുന്ന ശീലം മാറിയേ തീരൂ. കോഴ്സ് പൂർത്തിയാകാതെ ആന്റിബയോട്ടിക് നിർത്തുന്നതും അപകടമാണ്. ഇക്കാര്യങ്ങളിൽ ജാഗ്രത വേണം.
ഡോ. സുൾഫി (പ്രസിഡന്റ്, ഐ.എം.എ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.