കൊല്ലം: രാജ്യത്ത് ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ച ജില്ലയിൽ കേന്ദ്രസംഘം സന്ദർശിച്ചു. പ്രതിരോധ നടപടികളിലും ഏര്‍പ്പെടുത്തിയ മുൻകരുതലിലും സംതൃപ്തി രേഖപ്പെടുത്തി.
രോഗബാധിതനായ യുവാവ് ആദ്യം ചികിത്സക്കെത്തിയ എൻ.എസ് സഹകരണ ആശുപത്രി, അടിയന്തര സാഹചര്യം നേരിടാൻ ഐസൊലേഷൻ വാര്‍ഡ് അടക്കം സജ്ജമാക്കിയ പുനലൂർ താലൂക്കാശുപത്രി എന്നിവിടങ്ങളിലും യുവാവിന്റെ ജോനകപ്പുറത്തെ വീടുമാണ് സന്ദര്‍ശിച്ചത്.
വീട്ടിൽ നിരീക്ഷണത്തിലുള്ള കുടുംബാംഗങ്ങളുമായും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കേന്ദ്ര ആരോഗ്യവകുപ്പ് അഡ്വൈസർ ഡോ. പി. രവീന്ദ്രൻ, എൻ.സി.ഡി.സി ജോയന്റ് ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി പ്രഫസർ ഡോ. അനുരാധ, ത്വഗ്രോഗവിദഗ്ധൻ ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ എന്നിവരാണ് എത്തിയത്. കൊല്ലം ഡി.എം.ഒ ബിന്ദുമോഹനും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
പുനലൂര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ സംഘം നേരിൽ കണ്ട് മനസ്സിലാക്കി. ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. എൻ.എസ് സഹകരണ ആശുപത്രിയിൽ രോഗി വന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ആശുപത്രിയിൽ ഡെര്‍മറ്റോളജിസ്റ്റ് ഡോ. അജയ്കൃഷ്ണൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഇൻഫെക്ഷൻ കൺട്രോള് ടീമംഗങ്ങള്‍ എന്നിവരുമായി സംസാരിച്ച് വിവരങ്ങള്‍ തേടി.
കലക്ടറുടെ ബംഗ്ലാവിൽ കേന്ദ്രസംഘത്തിന്റെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു. കലക്ടര്‍ അഫ്സാന പര്‍വീൺ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടര്‍ന്ന് സംഘം തിരുവനന്തപുരത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.