ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ കണ്ടെത്തൽ. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കുപ്പി വെള്ളത്തിലെ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം കണ്ടെത്തിയത്. ഓരോ ലിറ്ററിലും 1,10,000 മുതൽ 3,70,000 വരെ ചെറിയ പ്ലാസ്റ്റിക് ശകലങ്ങളും അവയിൽ 90% നാനോപ്ലാസ്റ്റിക്കുകളും അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
യു.എസിൽ ഏറ്റവും കൂടുതൽ വിൽപന നടത്തുന്ന മൂന്ന് ബ്രാൻഡ് കുപ്പിവെള്ളമാണ് പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. ഒരു ലക്ഷം മുതൽ മൂന്നര ലക്ഷത്തിലധികം പ്ലാസ്റ്റിക് കണങ്ങളാണ് ഓരോ ലിറ്റർ വെള്ളത്തിലും കണ്ടെത്തിയത്. മുൻപ് കണക്കാക്കിയതിനേക്കാൾ നൂറിരട്ടി പ്ലാസ്റ്റിക് കണങ്ങളാണ് ഇപ്പോൾ വിപണിയിലുള്ള കുപ്പിവെള്ളത്തിൽ ഉള്ളതെന്ന് പഠനം പറയുന്നു. ഇതിൽ 90 ശതമാനവും അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാണ്. പരിശോധിച്ച കുപ്പി വെള്ളത്തിൽ നിന്ന് പ്രത്യേകതരം നൈലോൺ പ്ലാസ്റ്റിക്കാണ് കണ്ടെത്തിയത്. കുപ്പികൾ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന പ്ലാസ്റ്റിക്കാണ് പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി). ഓരോ തവണ കുപ്പി തുറന്ന് അടയ്ക്കുമ്പോഴും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിൽ വീഴുന്നുണ്ടെന്ന് 2021ൽ കണ്ടെത്തിയിരുന്നു.
മൈക്രോപ്ലാസ്റ്റിക്കുകളേക്കാൾ ഹാനികരമാണ് നാനോ പ്ലാസ്റ്റിക്. പലപ്പോഴും ഇവ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻപ് നാനോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്തെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും അത് കണ്ടുപിടിക്കാൻ സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല.
പ്ലാസ്റ്റിക് നിർമാണത്തിൽ ഉപയോഗിക്കുന്ന അപകടകരമായിട്ടുള്ള രാസവസ്തുക്കളായ ബിസ്ഫെനോൾ, ഫ്താലേറ്റ്സ്, ഡയോക്‌സിൻ, ഓർഗാനിക് മാലിന്യങ്ങൾ, ഉയർന്ന അളവിലുള്ള ഘനലോഹങ്ങൾ എന്നിവ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും, വൃക്കകൾ, കരൾ, ഹൃദയം, തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യും.
നാനോപ്ലാസ്റ്റിക്ക് കണങ്ങൾ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അതിവേഗത്തിൽ രക്തത്തിൽ കലരും. പിന്നീട് അവയവങ്ങളിലേക്ക് കടക്കുന്നു. ഗർഭിണികളിൽ പ്ലാസന്റ വഴി ഗർഭസ്ഥ ശിശുവിലും നാനോപ്ലാസ്റ്റിക് എത്താൻ സാധ്യതയുള്ളതായി ഗവേഷകർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.