യു.എൻ: കോവിഡ് ഒമിക്രോൺ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് 19 വർധിക്കുകയാണ്. രോഗത്തിൽ ആഗോളതലത്തിൽ 30 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഗെബ്രിയേസസ് പറഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും BA. 4, BA. 5 വകഭേദങ്ങളാണ് പടരുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ BA. 2.75 എന്ന പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. അതെ കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
BA. 2.75 ആദ്യം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണെന്നും പിന്നീട് 10 രാജ്യങ്ങളിൽ കൂടി കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എന്നാൽ ഈ ഉപവകഭേദത്തെ കുറിച്ച് പഠിക്കാൻ വളരെ കുറച്ച് സ്വീക്വൻസുകൾ മാത്രമേ ലഭ്യമായിട്ടുള്ളു. ഈ വകഭേദത്തിന് സ്വീകർത്താക്കളുമായി കൂടിച്ചേരുന്ന ഭാഗത്ത് മാറ്റങ്ങൾ സംഭവിക്കുന്നതായി കാണുന്നുണ്ട്. അതിനാൽ മനുഷ്യരിൽ ഇത് എന്ത് മാറ്റം ഉണ്ടാക്കുമെന്നത് തീർച്ചയായും നിരീക്ഷിക്കേണ്ടതാണ്. ഇത് പ്രതിരോധകുത്തിവെപ്പുകളാൽ തടയാവുന്നതാണോ കൂടുതൽ ഗുരുതര സ്വഭാവമുള്ളതാണോ എന്നകാര്യം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പഠിക്കുന്നേയുള്ളുവെന്നും ഡോ. സൗമ്യ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സംഘാംഗങ്ങൾ സ്ഥിതിഗതികൾ പഠിച്ച് വിലയിരുത്തുന്നുണ്ട്.
ഒമിക്രോൺ വകഭേദങ്ങളിൽ BA.4, BA.5 വകഭേദങ്ങളിലാണ് കേസുകൾ വർധിക്കുന്നത്. BA.5 83 രാജ്യങ്ങളിലും BA.4 73 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് കേസുകൾ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 1,12,456 കേസുകളാണ് നിലവിൽ ഇന്ത്യയിലെ സജീവ കേസുകൾ. രാജ്യത്തെ കേസുകളിൽ 21 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രണ്ടാമത് തായ്‍ലാന്റിലാണ്. 15,950 കേസുകൾ. ബംഗ്ലാദേശിൽ 13,516 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.