കുറ്റ്യാടി: നിപയുടെ പശ്ചാത്തലത്തിൽ കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒമ്പത് പഞ്ചായത്തുകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം. കുറ്റ്യാടി, മരുതോങ്കര, കാവിലുമ്പാറ, കായക്കൊടി, കുന്നുമ്മൽ, വേളം, നരിപ്പറ്റ, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിലാണ് ജാഗ്രതാനിർദേശം. മരുതോങ്കര കള്ളാട് മരിച്ച 45കാരന്റെ എട്ടു വയസ്സുള്ള മകനും നാലു വയസ്സുള്ള മകളും തിരുവള്ളൂരിലെ ഭാര്യാസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ മകനെ അതിതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയതായും ബന്ധപ്പെട്ടവർ പറഞ്ഞു. സമ്പർക്കത്തിലുള്ളവരോട് വീടുകളിൽ ക്വാറന്റീനിൽ നിൽക്കാൻ നിർദേശിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടു ദിവസം മുമ്പേ നിപയെന്ന സംശയം ഉയർന്നതിനാൽ ആരോഗ്യവകുപ്പ് ഈ ഭാഗങ്ങളിൽ ജാഗ്രതാനിർദേശം നൽകിയിരുന്നു. കള്ളാട് മരിച്ചയാളുടെ വീടുമായി 80 വീട്ടുകാർക്ക് സമ്പർക്കമുണ്ടായിരുന്നതായി വാർഡ് മെംബർ സമീറ ബഷീർ പറഞ്ഞു. രോഗിയായ പിതാവിനെ പരിചരിക്കാനാണ് പ്രവാസിയായ കള്ളാട് സ്വദേശി നാട്ടിലെത്തിയത്. അതിനാൽ അധികം പുറത്ത് പോകാറില്ല. മലയോരത്തുള്ള ഇയാളുടെയും ബന്ധുക്കളുടെയും ഭൂമിയിൽ പോയിരുന്നതായും പറഞ്ഞു. കഴിഞ്ഞ 22നാണ് പനി ബാധിച്ചത്. തുടർന്ന് കുറ്റ്യാടിയിലെ ക്ലിനിക്കിൽ ചികിത്സതേടി. 26ന് പനി വർധിച്ചതിനാൽ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 30ന് രാവിലെയാണ് മരണം. ഇദ്ദേഹം ചികിത്സതേടിയ ആശുപത്രികളിലെ സമ്പർക്ക ലിസ്റ്റും തയാറാക്കുന്നുണ്ട്. മുമ്പ് നിപ മരണമുണ്ടായ ചങ്ങരോത്ത് പഞ്ചായത്തിന് സമീപമാണ് മരുതോങ്കരയും. അതിനാൽ രോഗത്തിന്റെ പ്രഭവസ്ഥാനം ഈ മേഖലയിൽ എവിടെയോ ആയിരിക്കാമെന്ന സംശയവും അധികൃതർക്കുണ്ട്. മരുതോങ്കര പഞ്ചായത്തിൽ ചൊവ്വാഴ്ച കള്ളാട്, അടുക്കത്ത് സ്കൂളുകൾക്ക് പ്രാദേശിക അവധിനൽകി. കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചൊവ്വാഴ്ച രോഗികളുടെ വരവ് കുറവായിരുന്നു. എല്ലാവരും മാസ്ക് ധരിച്ചാണ് എത്തിയത്.
•കുറ്റ്യാടി
•മരുതോങ്കര
•കാവിലുമ്പാറ
•കായക്കൊടി
•കുന്നുമ്മൽ
•വേളം
•നരിപ്പറ്റ
•ആയഞ്ചേരി
•തിരുവള്ളൂർ
കൺട്രോൾ റൂം തുറന്നു
ആയഞ്ചേരി പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടുന്നതിനായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ: 0496 2580265. 9496048138, 7907990033, 9946486371.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.