കോഴിക്കോട്: അഞ്ചുവർഷം മുമ്പ് ഒറ്റക്കെട്ടായി ചെറുത്ത അനുഭവത്തിന്റെ കരുത്തിൽ നാടിനെ പിടികൂടിയ നിപ ഭീഷണിക്കെതിരെ കവചം തീർക്കാൻ കക്ഷിഭേദമില്ലാത്ത തീരുമാനം. ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നിപയെ ചെറുക്കാനുള്ള നടപടികൾക്ക് ഒന്നിച്ചൊന്നായി നീങ്ങാൻ തീരുമാനം. സർക്കാറും ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് യോഗത്തിൽ അറിയിച്ചു.
രോഗവ്യാപന നിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 30ന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ആളുകളുടെയും സാമ്പിൾ എടുത്ത് പരിശോധിക്കും. വെള്ളിയാഴ്ച കോഴിക്കോട് നഗരപരിധിക്കുള്ളിൽ ചെറുവണ്ണൂരിൽ ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ സുരക്ഷ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചെങ്കിലും ഇയാളുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. കൺട്രോൾ റൂം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ട് മെഷീനുകൾ ഉപയോഗിച്ച് ഒരേസമയം 192 സാമ്പിളുകൾ ഇവിടെ പരിശോധിക്കാം.
പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബും മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം നേടിയ വളന്റിയർമാരുടെ നേതൃത്വത്തിൽ കണ്ടെയ്ൻമെന്റ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആവശ്യമായ മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൊയിലാണ്ടിയിൽ ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വീടുകൾ തോറും സർവേയും നടക്കുന്നുണ്ട്.
പനിയുള്ളവരെ കണ്ടെത്തുന്നതിനൊപ്പം മാനസിക പിന്തുണ നൽകുന്നതിനുമാണ് സർവേ. യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പി.പി.ഇ കിറ്റ്, മാസ്ക് അടക്കമുള്ള പ്രതിരോധ സാധനങ്ങൾ വാങ്ങുന്നതിന് എം.പി ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് എളമരം കരീം എം.പി യോഗത്തെ അറിയിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ പി.ടി.എ. റഹീം, ടി.പി. രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, ജില്ല കലക്ടർ എ. ഗീത, എ.ഡി.എം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 1080 പേർ. വെള്ളിയാഴ്ച 130 പേരാണ് പുതുതായി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ 297 പേരുണ്ട്. വെള്ളിയാഴ്ച നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 72 പേരാണ് ഉള്ളത്. ആദ്യം മരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം 417 ആയി. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 153 പേരാണ്. റീജനൽ വി.ആർ.ഡി ലാബിൽ വെള്ളിയാഴ്ച ലഭിച്ചത് 22 സാമ്പിളുകളാണ്.
കോൾ സെന്ററിൽ വെള്ളിയാഴ്ച 168 ഫോൺ കോളുകൾ വന്നു. ഇതുവരെ 671 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. 180 പേർക്ക് മാനസിക പിന്തുണ നൽകി. രോഗബാധിതരെ നിരീക്ഷിക്കുന്നതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 62 എണ്ണം ഒഴിവുണ്ട്. ആറ് ഐ.സി.യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ.സി.യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒമ്പത് മുറികളും അഞ്ച് ഐ.സി.യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ.സി.യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ല ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐ.സി.യുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐ.സി.യു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 10714 വീടുകളിൽ വെള്ളിയാഴ്ച സന്ദർശനം നടത്തി. 15,633 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.