കോഴിക്കോട്: നിപ വൈറസ്, ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ഇനി, 36 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. നിലവിൽ 11 പേരാണ് ഐസോലേഷനിൽ ഉള്ളത്. ഒൻപത് വയസുകാരെൻറ ആരോഗ്യ നിലയിലും പുരോഗതിയുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ആദ്യ പോസിറ്റീവ് കേസിെൻറ കോൺടാക്ട് ലിസ്റ്റ്‌റിൽ ഉള്ളവരുടെ ക്വാരെൻറയ്ൻ പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ നാല് പേരാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
അതേസമയം, ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപ്പറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ വിദഗധ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവുകൾ തീരുമാനിക്കും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോർപ്പറേഷനേയും നഗരസഭയേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കോഴിക്കോട് കോർപ്പറേഷൻ, ഫറോക്ക് നഗരസഭ പരിധികളിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹ സന്ദർശനം മികച്ച രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. മികച്ച രീതിയിൽ ജനങ്ങളോട് ഇടപ്പെട്ട് ഗൃഹ സന്ദർശനം തുടരുന്ന ആരോഗ്യ പ്രവർത്തകരെയും ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു. ചെറുവണ്ണൂർ ഭാഗത്ത് കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെട്ട മൂന്നു വാർഡുകളിലെ 4664 വീടുകളിലും ബേപ്പൂരിലെ മൂന്നു വാർഡുകളിലായി 6606 വീടുകളും നല്ലളം ഭാഗത്തെ മുഴുവൻ വീടുകളും ഫറോക്ക് നഗരസഭയിലെ 9796 വീടുകളിലും ഗൃഹ സന്ദർശനം ഇതിനോടകം പൂർത്തികരിച്ചു.
അവലോകന യോഗത്തിൽ കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്, ഓൺലൈനായി ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി അബ്ദുൾ റസാഖ്, ജില്ലാ കലക്ടർ എ. ഗീത, എ.ഡി.എം മുഹമ്മദ് റഫീഖ്, ഓൺലൈനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ഷിനോ പി.എസ് മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.