ഫറോക്ക്: ചെറുവണ്ണൂരിൽ 39കാരന് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂരും ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ന്റ്മെന്റ് സോണുകളാക്കി കടുത്ത നിയന്ത്രണമേർപ്പെടുത്തി.
സമ്പർക്കം വഴി രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും രോഗിയുമായി സമ്പർക്കമുള്ളവർ സമൂഹത്തിലെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയുന്നതിനുമായാണ് ഈ നീക്കം. കണ്ടെയ്ൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല.
കർശനമായ ബാരിക്കേഡിങ് നടത്തും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകീട്ട് 5 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർധസർക്കാർ-പൊതുമേഖല ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. മേൽപറഞ്ഞ വാർഡുകളിലെ പൊതു റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.
നാഷനൽ ഹൈവേ/ സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞ വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.