വടകര: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് പഞ്ചായത്ത് അടിയന്തര യോഗം ചേർന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും നിർദേശിച്ചു.
പഞ്ചായത്തിന്റെ പുതിയ ഓഫിസ് കെട്ടിടത്തിന് തറക്കല്ലിടലും മറ്റു പരിപാടികളും മാറ്റിവെക്കാൻ തീരുമാനിച്ചു. വിവാഹം ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകളും പ്രോട്ടോകോൾ അനുസരിച്ച് നടത്താൻ നിർദേശം നൽകും. എല്ലാ വാർഡുകളിലും ആർ.ആർ.ടി പുനഃസംഘടിപ്പിക്കും.
പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, മെഡിക്കൽ ഓഫിസർ ഡോ. ബിജുനേഷ്, പഞ്ചായത്ത് സെക്രട്ടറി നിഷ എൻ. തയ്യിൽ, വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, സി. നാരായണൻ, മധുസൂദനൻ, പി. ശ്യാമള, അബൂബക്കർ, മനീഷ്, പ്രിയങ്ക, ലിസി, പുഷ്പ, ബിന്ദു, എച്ച്.ഐ. ഷീബ തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാടി: നിപയുടെ ഉറവിടം കണ്ടെത്താൻ മരുതോങ്കര പഞ്ചായത്തിലെ കള്ളാട് വവ്വാലുകൾക്ക് വല വിരിച്ചു. കേന്ദ്രസംഘമാണ് വൈകീട്ടെത്തി വലവിരിച്ചത്. നേരത്തെ കേന്ദ്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വവ്വാൽ സർവേ ടീം അംഗമായ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം കള്ളാട് സന്ദർശിച്ചിരുന്നു. തുടർന്നാണ് പ്രത്യേക ടീം എത്തിയത്.
സ്രവ പരിശോധനക്കാണ് വവ്വാലുകളെ പിടികൂടുന്നത്. ചെറുപുഴ തീരത്തുള്ള ഈ പ്രദേശത്ത് വവ്വാലുകൾ വ്യാപകമാണ്. മിക്ക മരങ്ങളും ഇവയുടെ താവളമാണ്. മരിച്ച മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മലോൽതാഴയാണ് വല വിരിച്ചിരിക്കുന്നത്. സംഘം പോയ ഉടനെ തന്നെ രണ്ട് വവ്വാലുകൾ കെണിയിൽ വീണതായി നാട്ടുകാർ പറഞ്ഞു. അവയെ ശനിയാഴ്ച പിടികൂടി ശ്രവം ശേഖരിക്കും. പി.പി.ഇ കിറ്റുകൾ ധരിച്ചാണ് ആറംഗ സംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.