ന്യൂഡൽഹി: മദ്യപാനത്തിന് സുരക്ഷിതപരിധി ഇല്ലെന്നും എത്ര കുറച്ച് ഉപയോഗിച്ചാലും ആരോഗ്യത്തിന് ഹാനികരമാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പഠനം. ഏത് അളവിലുള്ള മദ്യപാനവും ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പലവിധ അർബുദങ്ങൾക്ക് കാരണമാവുമെന്നും ‘ദ ലാൻസെറ്റ് പബ്ലിക് ഹെൽത്ത്’ ജേണലിൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കുടൽ, കരൾ, മലാശയം, സ്തനം, അന്നനാളം തുടങ്ങിയവയെ ബാധിക്കുന്നതടക്കം ഏഴുതരം അർബുദങ്ങൾക്ക് മദ്യപാനം കാരണമാവുന്നതായി ഇന്റർനാഷനൽ റിസർച് ഏജൻസി ഫോർ കാൻസർ വ്യക്തമാക്കിയതായി പഠനത്തിൽ പറയുന്നു. റേഡിയേഷൻ, പുകയില എന്നിവക്കൊപ്പം മദ്യത്തെയും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പ്-ഒന്ന് അർബുദമായി തരംതിരിച്ചിട്ടുണ്ട്. ആൽക്കഹോളിന്റെ അംശമടങ്ങിയ ഏത് പാനീയവും അതിന്റെ വിലയും ഗുണനിലവാരവും കണക്കിലെടുക്കാതെ അർബുദത്തിനുള്ള സാധ്യത കാണിക്കുന്നതായി ഏജൻസി ചൂണ്ടിക്കാട്ടി.
യൂറോപ്യൻ മേഖലയിൽ അർബുദ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് കുറഞ്ഞ അളവിലുള്ളതോ മിതമായതോ ആയ മദ്യപാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2017ൽ 23,000 അർബുദ കേസുകൾക്ക് കാരണമായത് പ്രതിദിനം 20 ഗ്രാമിൽ താഴെയുള്ള ആൽക്കഹോൾ ഉപയോഗമായിരുന്നു -പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.